മയക്കുമരുന്ന് വേട്ട ശക്തമാക്കി കുവൈത്ത്; 14 പേർ അറസ്റ്റിൽ

0
11

കുവൈത്ത് സിറ്റി : മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ നടപടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ എട്ട് വ്യത്യസ്ത കേസുകളിലെ അന്വേഷണത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും മാനസിക ഉത്തേജക മരുന്നുകളും മയക്കുമരുന്ന് തയ്യാറാക്കാനും പായ്ക്ക് ചെയ്യാനുമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. 1 കിലോ 425 ഗ്രാം മെത്താംഫെറ്റമിൻ (ഷാബു), 1 കിലോ 15 ഗ്രാം ഹാഷിഷ്, 365 ഗ്രാം മാരിജുവാന, 3 ഗ്രാം ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്.

ഇതുകൂടാതെ, സിന്തറ്റിക് ലഹരിവസ്തുക്കൾ കലർത്തിയ നാല് എ4 ഷീറ്റുകൾ, 80 ലിറിക്ക (പ്രെഗാബാലിൻ) ക്യാപ്സൂളുകൾ, മൂന്ന് സൈക്കോട്രോപിക് ഗുളികകൾ, ആറ് ഡിജിറ്റൽ ത്രാസുകൾ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള വിവിധ ഉപകരണങ്ങൾ എന്നിവയും അധികൃതർ കണ്ടെടുത്തു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്ത്, വിതരണം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.