കുവൈറ്റ് സിറ്റി : പ്രവാസി മലയാളി ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കെഫാക് (KEFAK) ലീഗ് 2025-26 സീസണിൽ ഗ്ലോബൽ ബ്ലാസ്റ്റേഴ്‌സ് എഫ് സി കുവൈറ്റിന് ചരിത്ര കിരീടം. സാബാഹിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സോക്കർ ലീഗ് ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ, കരുത്തരായ കൂളന്റ്സ് അറബി എനർടെക് എഫ് ബി എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്ലോബൽ ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ടത്. സോക്കർ ലീഗിൽ ബ്ലാസ്റ്റേഴ്സ് എഫ് സി നേടുന്ന ആദ്യ കിരീടമാണിത്.
നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ പാച്ചുവിന്റെ (ഫസൽ) കാലുകളിൽ നിന്ന് പിറന്ന അവിശ്വസനീയമായ ആ നിർണായക ഗോൾ മത്സരത്തിന്റെ വിധി നിർണ്ണയിക്കുകയും ബ്ലാസ്റ്റേഴ്സിനെ വിജയതീരത്ത് എത്തിക്കുകയുമായിരുന്നു. ഈ തകർപ്പൻ പ്രകടനത്തോടെ ഫൈനലിലെ മികച്ച താരമായും (Man of the Match), ടൂർണമെന്റിലെ എമർജിങ് പ്ലെയർ ആയും ഫസൽ എന്ന പാച്ചുവിനെ തിരഞ്ഞെടുത്തു. ലീഗിലെ മികച്ച ഗോൾകീപ്പറായി ഗ്ലോബൽ ബ്ലാസ്റ്റേഴ്സിന്റെ മിൻഹാജിനെയും തിരഞ്ഞെടുത്തു.
അതേസമയം, മാസ്റ്റേഴ്സ് ലീഗിൽ പവിഴം ജ്വല്ലറി ഫ്ലൈറ്റഴ്സ് എഫ്സിയെ പരാജയപ്പെടുത്തി യങ് ഷൂട്ടേഴ്സ് അബ്ബാസിയ ചാമ്പ്യന്മാരായി. വൻ ജനപങ്കാളിത്തത്തോടെയും വാശിയേറിയ മത്സരങ്ങളോടെയുമാണ് ഇത്തവണത്തെ കെഫാക് ലീഗ് ഫൈനൽ പോരാട്ടങ്ങൾക്ക് സാബാഹിയ സ്റ്റേഡിയത്തിൽ തിരശ്ശീല വീണത്.

































