കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് ജനകീയ മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നാല് മേഖലകളിലെയും മാതൃഭാഷ പഠന ക്ലാസുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൂലൈ 26 വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ നടന്ന പരിശീലന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
മാതൃഭാഷ സമിതി ജനറൽ കൺവീനർ ശരത് പി.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം അനിൽകുമാർ അധ്യാപകർക്കായി പരിശീലന ക്ലാസ് നയിച്ചു. പഠനരീതികൾ, ഭാഷാപഠനത്തിലെ പുതിയ സമീപനങ്ങൾ, കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപര്യം വളർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി ക്ലാസ് അവതരിപ്പിച്ചു. മാതൃഭാഷാ കൺവീനർ അജിത് പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാതൃഭാഷാ കൺവീനർ ഗിരീഷ് നന്ദി രേഖപ്പെടുത്തി.
കല കുവൈറ്റ് കഴിഞ്ഞ 36 വർഷമായി വിജയകരമായി നടപ്പാക്കി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായാണ് ഈ വർഷത്തെയും മലയാളം ക്ലാസുകൾ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി വിദ്യാർത്ഥികൾ ക്ലാസുകളിൽ ചേർന്ന് പഠനം ആരംഭിച്ചിട്ടുണ്ട്.
‘മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 1990-ൽ ആരംഭിച്ച കല കുവൈറ്റിന്റെ മാതൃഭാഷ പഠന പദ്ധതി, പ്രവാസി മലയാളി സമൂഹത്തിന്റെ ഭാഷാ-സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്. ഈ സാംസ്കാരിക ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് കുട്ടികൾ കുവൈറ്റിൽ മലയാള ഭാഷാപഠനം പൂർത്തിയാക്കിയത്.


































