കുവൈറ്റ് സിറ്റി : രാജ്യത്തെ ലക്ഷ്യമിട്ട സമീപകാല ആക്രമണങ്ങളുടെയും മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ കുവൈത്തിന്റെ സുരക്ഷാ സജ്ജതയും നയതന്ത്ര ഇടപെടലുകളും മന്ത്രിസഭ യോഗത്തിൽ വിശദമായി വിലയിരുത്തി. യോഗത്തിൽ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് രാജ്യത്തെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും സായുധ സേന സ്വീകരിച്ച നടപടികളും മന്ത്രിസഭയെ അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരം, ഭൗമപരിധിയുടെ അഖണ്ഡത, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് സായുധ സേന പൂർണ സജ്ജമാണെന്നും, ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പ്രാദേശികവും അന്തർദേശീയവുമായ രാജ്യങ്ങളുമായുള്ള കുവൈത്തിന്റെ നയതന്ത്ര ഇടപെടലുകളെക്കുറിച്ച് മന്ത്രിസഭയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും വിദേശത്തുള്ള കുവൈത്ത് നയതന്ത്ര ദൗത്യങ്ങളും നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, മേഖലയിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളുമായി രാഷ്ട്രീയ-നയതന്ത്ര തലത്തിൽ തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ദേശീയ പ്രതികരണ നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അവലോകന യോഗം നടന്നതെന്ന് മന്ത്രിസഭ അറിയിച്ചു.






























