കണ്ണൂർ സ്കൂളിൽ റാഗിങ്ങ് : പ്ലസ് വൺ വിദ്യാർത്ഥിയെ കല്ലുകൊണ്ട് ആക്രമിച്ചു ; 6 പേരെ സസ്‌പെൻഡ് ചെയ്തു

0
15

കണ്ണൂർ : കണ്ണൂര്‍ കുളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ റാഗിങ്ങിന്‍റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തലയടിച്ചു പൊട്ടിച്ചു. നെഞ്ച് വിരിച്ച് നടക്കരുതെന്ന ആവശ്യം പരിഗണിക്കാതിരുന്നതിന് കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തു.

കടവത്തൂര്‍ സ്വദേശിയായ പതിനാറുകാരന്‍ സ്കൂള്‍ ക്യാന്‍റീനില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു അക്രമം. നാല്‍പ്പതോളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞു. നിലത്തിട്ട് ചവിട്ടിയ ശേഷം കല്ലുപയോഗിച്ചും അക്രമിച്ചു. തലയില്‍ എട്ടു തുന്നലുകളുണ്ട്. ജിമ്മില്‍ പോകാറുണ്ടായിരുന്ന കുട്ടിയോട് നെഞ്ച് വിരിച്ച് നടക്കരുതെന്ന് സീനിയേഴ്സ് പറഞ്ഞിരുന്നു. ഇക്കാര്യം അനുസരിക്കാതിരുന്നതാണ് അക്രമത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട ആറു വിദ്യാര്‍ത്ഥികളെ പി ആര്‍ എം സ്കൂള്‍ അധികൃതര്‍ സസ്പെന്‍റ് ചെയ്തു.

അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ കുട്ടികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.