കുവൈത്ത് സിറ്റി : അൽ-അഹ്മദി ഗവർണറേറ്റിലെ മഹ്ബൂലയിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 221 പേരെ അറസ്റ്റ് ചെയ്യുകയും 790 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അൽ-അഹ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ-അഹമ്മദ് അൽ-സബാഹിന്റെ സാന്നിധ്യത്തിലും പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ-മുനൈഫിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് ക്യാമ്പയിൻ നടന്നത്.
അറസ്റ്റിലായവരിൽ ക്രിമിനൽ, സുരക്ഷാ കേസുകളിൽ വാണ്ടഡ് ആയ 109 പേരും, കാലാവധി കഴിഞ്ഞ താമസരേഖയുള്ള 62 പേരും ഉൾപ്പെടുന്നു. സാധുവായ സിവിൽ ഐഡി കൈവശമില്ലാത്ത 31 പേരെയും അസാധാരണ സാഹചര്യത്തിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യപാനീയങ്ങളും കൈവശം വെച്ച 8 പേരെയും പിടികൂടി. വിവിധ കേസുകളിൽ വാണ്ടഡ് ആയ 9 വാഹനങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.































