കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ- കല കുവൈറ്റ് അബ്ബാസിയ മേഖല “ഗ്രാമോത്സവം 2026” സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല ആക്ടിംഗ് പ്രസിഡന്റ് വിനീത് വിജയൻ അധ്യക്ഷനായിരുന്നു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജോയിന്റ് സെക്രട്ടറി പ്രവീൺ പി വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സരത്തിൽ വിജയിച്ച ക്ലബ്ബുകൾക്കുള്ള സമ്മാനദാനവും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാതൃഭാഷാ അധ്യാപിക ഏലിയാമ്മ ഐസക്കിനുള്ള കല കുവൈറ്റ് മാതൃഭാഷ ജനകീയ സമിതിയുടെ സ്നേഹോപഹാരവും ചടങ്ങിൽ വച്ച് നൽകി.പരിപാടിക്ക് മുന്നോടിയായി ചെണ്ടമേളങ്ങളോടെ നടത്തിയ വർണ്ണ ശബളമായ ഘോഷയാത്രയുടെ അകമ്പടിയിൽ വഞ്ചിപ്പാട്ടിനൊപ്പം വന്ന മഹാബലി പരിപാടിയുടെ ഭാഗമായി. കല കുവൈറ്റിന്റെ അനുഗ്രഹീത കലാകാരന്മാരായ നൂറ്റിയമ്പതിൽപരം അംഗങ്ങൾ ഒരുക്കിയ വിവിധങ്ങളായ കലാപരിപാടിയും ഇരുപത്തിയഞ്ചോളം വ്യത്യസ്ത രുചിക്കൂട്ടിൽ തയ്യാറാക്കിയ പായസ മേളയും പരിപാടിയുടെ വിജയത്തിന് മികവ് പകർന്നു. അറന്നൂറിലധികം അംഗങ്ങൾ സദസ്സിന്റെ ഭാഗമായി.
മേഖല എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ, ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ചാരുലക്ഷ്മി എസ് യാഗേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് ഗ്രാമോത്സവം ജനറൽ കൺവീനർ ഷൈമേഷ് കെ കെ നന്ദി പ്രകാശിപ്പിച്ചു.






























