അബുദാബിയിൽ വാഹനാപകടത്തിൽ 6 മരണം; 19 പേർക്ക് പരിക്ക്

അബുദാബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്ക്. ഇന്ന് പുലർച്ചെ ആറരയോടെ ഷെയ്ഖ് സയ്യിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപമായിരുന്നു അപകടം.

ദുബായിലേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. മുന്നിലുണ്ടായിരുന്ന വാഹനം അതിവേഗത്തിൽ കുറുകെ കയറിയപ്പോൾ ട്രക്ക് ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചു, എന്നാൽ പിറകെ വന്ന ബസ് പെട്ടെന്ന് നിയന്ത്രിക്കാനാകാതെ ട്രക്കിൽ വന്നിടിക്കുകയായിരുന്നു.

സംഭവസ്ഥലത്തെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ട്രക്കിന് മുന്നിലൂടെ കടന്നു പോയ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് അറിയിച്ചത്.