ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി 22 ന് നടക്കില്ല. പ്രതികളിലൊരാൾ ദയാഹർജി നൽകിയ പശ്ചാത്തലത്തിൽ അന്ന് വധശിക്ഷ നടപ്പാക്കുന്നത ഡൽഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തു. ഇതേ കോടതി തന്നെയായിരുന്നു പ്രതികളുടെ മരണ്ട വാറണ്ടും പുറപ്പെടുവിച്ചത്.
മരണവാറണ്ട് ഉത്തരവ് പുനരവലോകനം ചെയ്യില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. പ്രതികളുടെ വധശിക്ഷ 22 ന് നടക്കില്ലെന്ന് ഇന്നലെ ഡൽഹി സർക്കാരും കോടതിയെ അറിയിച്ചിരുന്നു. ദയാഹർജിയിൽ തീരുമാനമാകാതെ വധശിക്ഷ നടപ്പാക്കരുതെന്നാണ് ജയിൽ ചട്ടം. ഹർജി തള്ളിയാലും 14 ദിവസം കഴിയാതെ വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. പിന്നാലെയാണ് കോടതിയും അന്നേ ദിവസം വധശിക്ഷ നടത്തുന്നത് സ്റ്റേ ചെയ്തത്.
ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചു കൊണ്ട് തിഹാർ ജയിൽ അധികൃതർ റിപ്പോര്‍ട്ട് നൽകണമെന്നും കോടതി നിര്‍ദേശിച്ചു.