സൗദിക്കും യു.എ.ഇക്കും വൻതോതിൽ ആയുധം കൈമാറാൻ ട്രംപ് സർക്കാർ ഒപ്പുവെച്ച കരാർ ബൈഡൻ ഭരണകൂടം താത്കാലികമായി റദ്ദാക്കി. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റാണ് തീരുമാനം അറിയിച്ചത്. നടപടി താത്ക്കാലികമാണെന്നാണ് അറിയിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി
സൗദിയുടെ നേതൃത്വത്തിൽ യെമനിൽ തുടരുന്ന യുദ്ധത്തോട് ശക്തമായ എതിർപ്പ് ഇലക്ഷൻ പ്രചാരണ ഘട്ടത്തിൽ തന്നെ ബൈഡനും ഡെമോക്രാറ്റുകളും വ്യക്തമാക്കിയിരുന്നു. എന്നാൽ കരാർ റദ്ദാക്കിയതിന്‍റെ കാരണം വ്യക്തമല്ല. എഫ് 35 യുദ്ധവിമാനങ്ങൾ യു എ ഇക്കും നവീന യുദ്ധോപകരണങ്ങൾ സൗദിക്കും കൈമാറാൻ വൻ തുകയുടെ കരാറിലായിരുന്നു നേരത്തെ ഉണ്ടാക്കിയിരുന്നത്. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ബിൽ പാസാക്കിയത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവക്കായി 23 ബില്യൺ ഡോളറിന്‍റെ ഇടപാടാണ് അമേരിക്കയുമായി യു.എ.ഇ നടത്തിയത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്‍റെ പശ്ചാത്തലത്തിലും ഇറാൻ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്നായിരുന്നു മുൻപ്രസിഡൻറ് ട്രംപിന്‍റെ നിലപാട്.