സിബിഎസ്ഇ പത്താം ക്ലാസ് ഫലം: ഐസിഎസ്കെ ഖൈത്താന് 100% വിജയം; ഐമാൻ മുഹമ്മദ് യൂനിസ് കുഞ്ഞ് ടോപ്പർ

0
82

കുവൈത്ത് സിറ്റി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വന്നതോടെ മികച്ച വിജയം നേടി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ. എല്ലാ വിഷയങ്ങളിലുമായി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 100 ശതമാനം വിജയം നേടിയതോടെ സ്കൂൾ കൈവരിച്ചത് അഭിമാന നേട്ടം.

ഐമാൻ മുഹമ്മദ് യൂനിസ് കുഞ്ഞ് 500ൽ 500 മാർക്ക് നേടി 100 ശതമാനം വിജയം കൈവരിച്ച് സ്കൂൾ ടോപ്പറായി. ഗണിതം, ഫ്രഞ്ച്, സയൻസ്, സോഷ്യൽ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി ശ്രദ്ധേയനായി. മുഹമ്മദ് സുഹൈൽ മീത്തലെ പിലാച്ചേരി 99.2 ശതമാനത്തോടെ രണ്ടാം സ്ഥാനത്തെത്തി. അനിൻ സിദാൻ മംഗളശ്ശേരി, ഫാത്തിമ റസാൻ, ക്രിസ്റ്റീന സ്റ്റീഫൻ എന്നിവർ 98.2 ശതമാനം വീതം നേടി മികച്ച നേട്ടം കൈവരിച്ചു. വിഷയ അടിസ്ഥാനത്തിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലീഷിൽ 99 മാർക്ക് നേടി റോഷൻ റോബിൻസ്, ക്രിസ്റ്റീന സ്റ്റീഫൻ, രിധി ബാലി എന്നിവർ മുൻനിരയിൽ എത്തി.

വിദ്യാർത്ഥികളുടെ മികച്ച പ്രകടനം, അധ്യാപകരുടെ സമർപ്പിത മാർഗനിർദ്ദേശം, രക്ഷിതാക്കളുടെ പിന്തുണ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച മാനേജ്മെന്റ്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയ്ക്കും നന്ദി അറിയിച്ചു.