ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് 25 പേർ മരിച്ചു

ഉത്തർപ്രദേശിലെ മുറാദ് നഗറിൽ കനത്ത മഴയെ തുടർന്ന് ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് വീണ് 25 പേർ മരിച്ചു. ജയ്റാം എന്നയാളുടെ സംസ്ക്കാര ചടങ്ങിനെത്തിവരാണ് അപകടത്തിൽപ്പെട്ടത്. മഴയെ തുടർന്ന് കയറി നിന്ന ഷെഡിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.

ദുരന്ത നിവാരണ സേനയുടെ സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അവശിഷ്ടകൾക്കിടയിൽ ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോയെന്ന് പരിശോധന തുടരുകയാണ്. സംഭവത്തിൽ 25 പേർ മരിച്ചതായി ഗാസിയാബാദ് എസ് പി അഭിഷേക് വർമ്മ സ്ഥിരീകരിച്ചു. 39 പേരെ രക്ഷപ്പെടുത്തിയതായി മീററ്റ് ഡിവിഷണൽ കമ്മീഷണർ അനിതാ സി മെർഷം പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനിതാ അറിയിച്ചു.