ഇന്ത്യൻ അതിർത്തിയിൽ ചൈന കയറി നിർമ്മിച്ചത് 101 വീടുകൾ ഉൾപ്പെട്ട ഗ്രാമം, തെളിവുകൾ പുറത്ത്

ന്യൂദൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കയ്യേറി ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന് തെളിവുകൾ പുറത്ത്. അരുണാചൽപ്രദേശിൽ ചൈന പടുത്തുയർത്തിയ ഗ്രാമത്തിൻറെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻ.ഡി.ടി.വിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കയ്യടക്കിയ പ്രദേശത്ത് 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ അതിർത്തിക്കുള്ളിലായി, സുബാൻസിരി ജില്ലയിൽ സാരി ചു നദിയുടെ തീരത്ത് 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ.‍ഡി.ടി.വി വ്യക്തമാക്കി.
2020 നവംബർ ഒന്നിനെടുത്ത ചിത്രമാണ് ഇപ്പോൾ എൻ.ഡി.ടി.വി പുറത്തുവിട്ടിരിക്കുന്നത്. ഇതേസ്ഥലത്ത് 2019 ആ​ഗ​സ്തിൽ എടുത്ത ചിത്രത്തിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷമാണ് നിർമ്മാണം നടത്തിയത് എന്നാണ് അനുമാനം. ഈ ചിത്രങ്ങൾ, ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് അയച്ചുകൊടുത്തെങ്കിലും വിഷയത്തിൽ പ്രതികരണം നൽകുകയോ ചിത്രം തെറ്റാണെന്ന് പറയുകയോ ചെയ്തില്ല.

ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ ഏറെക്കാലമായി തർക്കം നിലനിൽക്കുന്നുണ്ട്.