കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ചെലവ് 50% വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് സർക്കാർവൃത്തങ്ങൾ. പുതിയ ഗാർഹിക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള നിരക്കില്‍ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഫീസുകള്‍ വഴി തൊഴിലാളികളുടെ നിരക്ക് പരമാവധി 990 ദിനാറാണെന്നും തൊഴിലുടമ നേരിട്ട് ആവശ്യപ്പെടുന്നതിന് 390 ദിനാറാണെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് തൊഴിലാളിക്ഷാമം വർധിച്ചത് പരിഗണിച്ചാണ് പുതിയ ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ കോവിഡ് വ്യാപനം മൂലം തൊഴിലാളികളെ എത്തിക്കുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും അധിക ചെലവാണ് റിക്രൂട്ട്മെൻറ് ഏജൻസികൾ ഈടാക്കുന്നത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. തൊഴിലാളിക്ക് ഒരാൾക്കുള്ള ചെലവ് 990 ദിനാറിൽ നിന്നും1,400 മുതൽ 1,500 ദിനാർ വരെയാകും എന്നായിരുന്നു ഏജൻസികൾ അറിയിച്ചിരുന്നത്. എന്നാൽ മുൻ നിശ്ചയിച്ച നിരക്ക് അനുസരിച്ച് മാത്രമേ തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ആരെങ്കിലും അമിത നിരക്ക് ഈടാക്കുക യാണെങ്കിൽ ഇക്കാര്യം ബന്ധപ്പെട്ട 8 അധികാരികളെ അറിയിക്കണമെന്നും ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.