കുവൈത്ത് സിറ്റി: കുവൈത്തിൽ ഉയർന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അ ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കി പൊതുമരാമത്ത് വകുപ്പ്. ടെക്നിക്കൽ പ്രോജക്ട് വിഭാഗങ്ങളിലെ സൂപ്പർവൈസറി തസ്തികകളിലാണ് ഇത് നിർബന്ധമാക്കിയിരിക്കുന്നത്. ഈ പോസ്റ്റുകളിലെ അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷ പരീക്ഷ നടത്തുമെന്നും എന്നും വകുപ്പ് അധികൃതർ അറിയിച്ചു.
പ്രോജക്ട് എഞ്ചിനീയർ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്കാണ് പരിശോധന നടത്തുകയെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. മേൽപ്പറഞ്ഞ ജോലികൾക്ക് ഇത് അടിസ്ഥാനയോഗ്യതയാണെന്നും ഇംഗ്ലീഷ് വിജ്ഞാന പരീക്ഷയിൽ പങ്കെടുക്കാത്തവരെ ഈ ജോലികൾക്കായി പരിഗണിക്കില്ലെന്നും അധികൃതർ പറഞ്ഞു.
നിലവിലെ പ്രോജക്ട് എഞ്ചിനീയർമാരുടെയും സാങ്കേതിക സൂപ്പർവൈസർമാരുടെയു ഭാഷാ പരിജ്ഞാനം നിർണ്ണയിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷാ പരിശോധന നടത്താൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഇസ്മായിൽ അൽ ഫൈലകവി ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി.