കൊറോണ പ്രതിരോധ വാക്സിനുകളിലെ പോർക്ക് ജെലാറ്റിൻ മരുന്നായി മാത്രം കാണണമെന്ന് ഫത്വ കൗൺസിൽ

ദുബായ്: കോവിഡ് വാക്സിനുകളിൽ പോർക്ക് ജെലാറ്റിൻ അടങ്ങിയിട്ടുണ്ടെങ്കിലും മുസ്ലീങ്ങൾക്ക് മരുന്നായി സ്വീകരിക്കാമെന്ന് യുഎഇ ഫത്വ കൗൺസിൽ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പരമോന്നത ഇസ്ലാമിക അതോറിറ്റിയാണിത്.നിലവിൽ ഇതിന് ബദലായി മറ്റൊന്നില്ല. നിലവിലെ സാഹചര്യത്തിൽ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് പ്രധാനമെന്ന് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യ വ്യക്തമാക്കി. കൊറോണ പ്രതിരോധ വാക്സിനുകളിലെ പോർക്ക് ജെലാറ്റിൻ ഇസ്ലാമിലെ നിയന്ത്രണങ്ങൾക്ക് വിധേയമാകില്ലെന്നും സാഹചര്യത്തിൽ നിഷിദ്ധവസ്തു മരുന്നായിട്ടാണ് കണക്കാക്കുന്നത്, ഭക്ഷണമായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി വാക്സിനുകളിലെ നിർമ്മാണ ഘടകമാണ് പോർക്ക് ജെലാറ്റിൻ. ഇസ്ലാമിൽ പന്നിമാംസം ഹറാമാണ്. ഇത് വാക്സിൻ സ്വീകരിക്കുന്നതിന് തടസമാകരുതെന്ന് കരുതിയാണ് യുഎഇ ഫത്വ കൗൺസിലിൻ്റെ നടപടി.