ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ലോകത്തിന് കാണിച്ച ഡാര്‍നല്ലയ്ക്ക് പുലിറ്റ്‌സര്‍ പ്രൈസ്

0
8

വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വംശവെറിയനായ പോലീസുകാരൻ
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ് . സംഭവത്തിന് സാക്ഷികളായി നിരവധി പേർ ഉണ്ടായിരുന്നു എങ്കിലും
കൊലപാതകം വീഡിയോയില്‍ പകര്‍ത്താന്‍ ധൈര്യം കാണിച്ചത് ഡാര്‍നല്ലയാണ്, ഈ ധീരത ആദരിക്കുന്നതായി പുലിറ്റ്‌സര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഈ വീഡിയോ നീതിക്കും സത്യത്തിനും വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറയുന്നു.

2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഡാർനല്ല സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഈ വീഡിയോയിലൂടെ വംശവെറിയുടെ ക്രൂരത കണ്ട് ലോകം മുഴുവൻ എത്തി. തുടർന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം അമേരിക്കയിലും ലോകം മുഴുവനും പടര്‍ന്നുപ്പിടിച്ചു. അതേസമയം, ഫ്ലോയിഡിൻ്റെ
ജീവന്‍ രക്ഷിക്കാനായി പൊലീസുകാരെ പിടിച്ചുമാറ്റുകയോ മറ്റെന്തെങ്കിലുമോ ചെയ്യാനാകാത്തതില്‍ അതിയായ വേദനയുണ്ടെന്നും 17 കാരിയായ ഡാര്‍നല്ല പറഞ്ഞിരുന്നു.