കരാർ കാലാവധി പൂർത്തീകരിക്കാത്ത ഗാർഹിക തൊഴിലാളിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ആകില്ലെന്ന് കോടതി

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി  സ്പോൺസറുമായി ഉണ്ടാക്കിയ  കരാർ പൂർത്തീകരിച്ചില്ലെങ്കിൽ അതിന് നഷ്ടപരിഹാരം നൽകേണ്ടെന്ന് കുവൈത്തിലെ അപ്പീൽ കോടതി വിധിച്ചു. കുവൈത്ത് സ്വദേശീയായ സ്പോൺസർ നൽകിയ കേസിലാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ ഗാർഹിക തൊഴിലാളിയുമായി രണ്ടു വർഷത്തെ കരാറിലാണ് ഏർപ്പെട്ടിരുന്നത്, എന്നാൽ അവർ അത് പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണിച്ചാണ് സ്പോൺസർ കോടതിയെ സമീപിച്ചത്.

എഴുതപ്പെട്ട കരാറിനു വിരുദ്ധമായി ഒരു തൊഴിലാളി സ്പോൺസർക്ക് വേണ്ടി ജോലി ചെയ്യാൻ വിസമ്മതിക്കുകയോ  ഒളിച്ചോടുകയോ  ചെയ്താൽ അവരിൽനിന്നും തൊഴിലുടമയ്ക്ക്  നഷ്ടപരിഹാരം ഈടാക്കാൻ അർഹതയുണ്ടെന്ന് ലേബർ റിക്രൂട്ട്‌മെന്റ് നിയമത്തിൽ പറഞ്ഞിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.

കരാറിൽ സൂചിപ്പിച്ചിരിക്കുന്ന കാലാവധി നിറവേറ്റാൻ വീട്ടുജോലിക്കാരനെ നിർബന്ധിക്കുന്നത് ആധുനിക നിർബന്ധിത തൊഴിലായോ അടിമത്തമായോ  കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.തൊഴിലാളി വീട്ടിൽ നിന്ന് ഓടിപ്പോയതിനാലാണ് പൗരൻ  കേസ് ഫയൽ ചെയ്തത്, കരാർ അനുസരിച്ച് ജോലിയിൽ തുടരാൻ തൊഴിലാളിയെ യെ നിർബന്ധിക്കണമെന്നും അല്ലെങ്കിൽ കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നുമാണ്  പരാതിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടത് . എന്നാൽ   കോടതി ഇത് നിരസിച്ചു.