ജീവനക്കാരുടെ ഹാജര്‍ ഉറപ്പുവരുത്താന്‍ ഫെയ്‌സ് പ്രിന്റ് സംവിധാനവുമായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

0
197

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജലവൈദ്യുത മന്ത്രാലയം ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താൻ
ഫെയ്‌സ് പ്രിന്റ് സംവിധാനം ഏർപ്പെടുത്തി. പരീക്ഷണാര്‍ഥം മന്ത്രാലയത്തിലെ 150 ജീവനക്കാരിലാണ് ഇത് ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്.

പുതിയ സംവിധാനം വഴി ഹാജര്‍ യന്ത്രത്തില്‍ മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്താം എന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രാലയത്തിലെ 25,000ത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സംവിധാനം നടപ്പിലാക്കും.

ജോലിക്കെത്തുന്ന ജീവനക്കാര്‍ പ്രത്യേക സ്റ്റാന്റിലെ ഫെയ്‌സ് പ്രിന്റെ ഉപകരണത്തില്‍ മുഖം കാണിക്കണം. ഉപകരണം മുഖം രജിസ്റ്റര്‍ ചെയ്താല്‍ പച്ച നിറത്തിലുള്ള ലൈറ്റ് തെളിയും. അതിനു ശേഷം ഓഫീസില്‍ കയറാം. ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും ഉപകരണത്തില്‍ മുഖം കാണിക്കണം. ജീവനക്കാരന്റെ മുഖം സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക
ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണ് നടപടി.

നേരത്തേ വിരലടയാളത്തിലൂടെ ആളുകളെ തിരിച്ചറിയുന്ന ഫിംഗര്‍പ്രിന്റ് അറ്റന്റന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അതില്‍ പല തട്ടിപ്പുകളും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ അധികൃതര്‍ പരീക്ഷിക്കുന്നത്. മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന സംവിധാനത്തില്‍ തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. പരീക്ഷണം വിജയിച്ചാല്‍ മറ്റ് മന്ത്രാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.