ഉത്തരവാദിത്വം ഏറ്റെടുത്ത് എക്സിറ്റ് പെർമിറ്റ് വാങ്ങാം

കുവൈത്ത് സിറ്റി: പ്രവാസി അധ്യാപകർക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ മധ്യകാല അവധിയിൽ സ്വദേശങ്ങളിലേക്ക് പോകാൻ വിദ്യാഭ്യാസ മന്ത്രാലയം എക്സിറ്റ് പെർമിറ്റിന് അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം സെമസ്റ്ററിൽ കാലതാമസം കൂടാതെ ക്ലാസുകൾ പുനരാരംഭിക്കുന്നതിൻ്റെ ഉത്തരവാദിത്തം അധ്യാപകർക്ക് ആയിരിക്കും. മുൻവർഷം ഇതേരീതിയിൽ വിദേശങ്ങളിലേക്ക് പോയ അധ്യാപകർക്ക് യാത്രാനിരോധനം മൂലം തിരികെയെത്താൻ സാധിച്ചിരുന്നില്ല. ഇതിൽ ചില പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒഴികെ മറ്റ് അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തിരുന്നു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ട്രാൻസിറ്റ് വഴി മാത്രമാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് അ കുവൈത്തിൽ എത്താൻ കഴിയുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ മൂലം ഇതിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ അത് രണ്ടാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങുന്നതിൻ പ്രതിസന്ധി
സൃഷ്ടിക്കും. പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി അധ്യാപകർ നിലവിൽ തന്നെ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് അതോടൊപ്പം വലിയൊരുവിഭാഗം അധ്യാപകർ കൂടി കുവൈത്തിന് പുറത്തേക്ക് പോകുന്നതാണ് മന്ത്രാലയത്തെ പ്രതിസന്ധിയിലാക്കുന്നത്.

തിരിച്ചെത്താൻ വൈകുകയാണെങ്കിൽ അതിൻറെ മുഴുവൻ ഉത്തരവാദിത്വവും സ്വയം എൽക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അധ്യാപകർക്ക് എക്സിറ്റ് പെർമിറ്റ് അനുവദിക്കാൻ സ്കൂൾ മേലധികാരികൾക്ക് നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്ക് ഫ്ലൈറ്റ് നിരോധനം തുടർന്നാൽ അധ്യാപകർക്ക് മടങ്ങി വരുപതിൽ ബുദ്ധിമുട്ട് നേരിടും, ഏത് തരത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ബദൽ കണ്ടെത്താൻ മന്ത്രാലയം സന്നദ്ധമായിരിക്കുമെന്നും വിശ്വസ്ത കേന്ദ്രങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.