ലോക ഫുട്‌ബോൾ കിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

0
19

ഖത്തറിൽ നടക്കുന്ന ലോക ഫുട്‌ബോൾ കിരീടം ചൂടുന്നത് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രതിഭാധനരും, അനുഭവ സമ്പത്തും, പാരമ്പര്യവും, മികച്ച ഫോമിലുമുള്ള ചിരവൈരികളായ അർജന്റീനയും ഫ്രാൻസുമാണ് ഏറ്റുമുട്ടുന്നത്. ആഫ്രിക്കയുടെ അഭിമാനമായി മാറിയ മൊറോക്കൊയുടെ ചിറകരിഞ്ഞാണ് ഫ്രാൻസ് ഫൈനലിൽ ഇടം ഉറപ്പിച്ചത്. കൊമ്പൻമാരെ മലർത്തിയടിച്ച മികച്ച ഫോമിലുള്ള ക്രൊയേഷ്യയെ മുട്ടുകുത്തിച്ചാണ് അർജന്റീന ഫൈനലിൽ എത്തിയത്. അതുകൊണ്ടുതന്നെ അപ്രവചനാതീതമായ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ ലോകം മുഴുവൻ ആ പന്തിലേക്ക് ആവാഹിക്കപ്പെടും. വിട്ടുകൊടുക്കാൻ ഇരു ടീമുകൾക്കും ഒരിഞ്ചുപോലുമില്ല, ലൂസയിൽ സ്റ്റേഡിയത്തിലെ മൈതാനത്ത് ഇന്ന് തീപ്പൊരി പാറും.

കേവലം രണ്ട് രാജ്യങ്ങൾ തമ്മിലല്ല, യൂറോപ്പ്യൻ – ലാറ്റിനമേരിക്കൻ ഫുട്ബോൾ ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് നടക്കാൻ പോകുന്നത്. ഫുട്ബോളിന്റെ സൗന്ദര്യം അവതരിപ്പിക്കുകയല്ല, വിജയിക്കുക എന്ന ഒരൊറ്റ കാര്യം മാത്രമാണ് അർജന്റീന പരിശീലകൻ സ്കലോനിയുടെ ലക്ഷ്യം. ഫ്രാൻസിന്റെ ദൗർബല്യങ്ങൾ ഇഴകീറി പരിശോധിച്ചു കഴിഞ്ഞു സ്കലോനി, ആവിഷ്കരിച്ച തന്ത്രങ്ങൾ നടപ്പിലാക്കാൻ പോന്ന സമർപ്പണബോധമുള്ള ടീമും തയ്യാർ. എന്നാൽ നിലവിലെ ചാമ്പ്യന്മാരും ലോക ഫുട്ബോളിലെ ഏറ്റവും ശക്തരുമായ ഫ്രാൻസിനെ പിടിച്ചു കെട്ടാനുള്ള ശക്തി സ്കലോനിയുടെ തന്ത്രങ്ങൾക്കുണ്ടോ? ഫ്രാൻസിന്റെ പടയോട്ടത്തിന് അന്ത്യം കുറിക്കാൻ മെസ്സിക്കും കൂട്ടർക്കും സാധിക്കുമോ?

തുടർച്ചയായി രണ്ടാമത്തെ തവണ ലോക കിരീടം ചൂടുക എന്ന സുവർണ്ണ നേട്ടത്തിനരികെയാണ് ഫ്രാൻസ്. പ്രവചനാതീതമാണ് ഫ്രാൻസ് പരിശീലകൻ ദശാംപ്സിന്റെ പദ്ധതികൾ. ഈ ടൂർണമെന്റിൽ ശരാശരി 45 ശതമാനം മാത്രമാണ് ഫ്രാൻസിന്റെ ബോൾ പൊസഷൻ, ബോൾ കയ്യിലില്ലാതെ തന്നെ ഗോളുകൾ നേടി വിജയങ്ങൾ ഒന്നൊന്നായി ഫ്രാൻസ് കൊയ്തെടുത്തു. അതുകൊണ്ടുതന്നെയാണ് ഫുട്ബോൾ പ്രവചനങ്ങളെ മുൾമുനയിൽ നിർത്താൻ ഫ്രാൻസിന് സാധിക്കുന്നത്. ഗ്രീസ്മാനും എംബാബയും ഉൾപ്പെടെയുള്ള ഫ്രാൻസിന്റെ കുന്തമുനകൾക്ക്‌ അർജന്റീനയുടെ പുലികുട്ടികളെ വേട്ടയാടാനാവുമോ? ഐതിഹാസിക വിജയത്തിലൂടെ ചരിത്രം കുറിക്കാനുള്ള മെസ്സിയുടെ കഠിന ശ്രമങ്ങളെ തകർക്കാനാവുമോ ഫ്രാൻസിന്റെ ചുണക്കുട്ടികൾക്ക്?