തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ ദിനം 8062 പേർ കുത്തിവെപ്പ് എടുത്തു. ഏറ്റവും കൂടുതൽ പേർ വാക്സിനേഷൻ സ്വീകരിച്ചത്
പാലക്കാട് ജില്ലയിലാണ്, 857 പേർ, രണ്ടാം സ്ഥാനത്ത് കോഴിക്കോട്, 800 പേരാണ് ഇവിടെ കൊവിഡ് വാക്സിൻ സ്വീകരിച്ചത്. ഏറ്റവും കുറവ് വാക്സിനേഷൻ നടന്നത് മലപ്പുറത്തും. സംസ്ഥാനത്ത് വാക്സിൻ എടുത്ത ആർക്കും ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നാളെ മുതൽ സംസ്ഥാനത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കും എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച്, കോവിഡ് കുത്തിവെപ്പ് എടുത്തവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ ഇപ്രകാരമാണ്,
ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍കോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332
നിലവിൽ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിരുന്നത്. നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ രണ്ടാംഘട്ട കുത്തിവെപ്പിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്.
ഒരാൾക്ക് 0.5 എം.എൽ. വാക്‌സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോൾ ഇതെടുത്തയാൾക്ക് തന്നെ രണ്ടാമത്തെ വാക്‌സിൻ നൽകും. ഈ രണ്ടു വാക്‌സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആർജിക്കുക. ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിലാണ് ഇനി കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തുക.
ഇതുവരെ വാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ്, ആംബുലന്‍സ് സേവനം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്