കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര്‍ വീട്ടിൽ വെക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ശവസംസ്കാര പ്രോട്ടോകോളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു മണിക്കൂറിൽ താഴെ വീടുകളിൽ വെക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചുരുങ്ങിയ തോതിൽ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട് . മരണപ്പെടുന്ന രോഗികള്‍ മുൻപ് ബാങ്കുകളിൽ നിന്നെടുത്ത ലോണുകള്‍ മുടങ്ങിയിട്ടുണ്ടെങ്കിൽ ഇതിൻ്റെ ഭാഗമായി ഉണ്ടാകുന്ന ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാൻ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം അടുത്തു കാണാൻ പോലും പറ്റാത്തത് സമൂഹം നേരിടുന്ന വലിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ നിശ്ചിത സമയം മൃതദേഹം വീട്ടിൽ കൊണ്ടുപോയി വെക്കാനും പരിമിതമായ തോതിൽ മതപരമായ ചടങ്ങുകള്‍ നടത്താനും അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഒരുപാട് സമയം വീട്ടിൽ മൃതദേഹം സൂക്ഷിക്കാനല്ല, ഒരു മണിക്കൂറിൽ താഴെ മാത്രം സമയമാണ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.