ഐസിഎസ്കെ സീനിയറിൽ ‘ഗ്യാനോത്സവ് 2025′: അറിവിന്റെയും സർഗ്ഗാത്മകതയുടെയും മഹാമേള നാളെ

0
51

കുവൈറ്റ് സിറ്റി: സർഗ്ഗാത്മകതയുടെയും അറിവിൻ്റെയും വർണ്ണാഭ ആഘോഷം ‘ഗ്യാനോത്സവ് 2025’ ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ(ഐസിഎസ്കെ), സീനിയർ.
അറിവ്, സർഗ്ഗാത്മകത, നവീകരണം എന്നിവയുടെ സംഗമവേദിയാകുന്ന പരിപാടി ഒക്ടോബർ 23 വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സെഷനുകളിലായാണ് നടക്കുക. ആദ്യം സെഷൻ രാവിലെ 7:30 മുതൽ 1:30 വരെയും രണ്ടാമത്തെ സെഷൻ വൈകുന്നേരം 4:30 മുതൽ 8:30 വരെയുമായിരിക്കും. യുവ പഠിതാക്കളുടെ ആശയങ്ങളും കണ്ടെത്തലുകളും പ്രദർശിപ്പിക്കാൻ ഉതകുന്ന ഉത്തമ വേദിയാകും ‘ഗ്യാനോത്സവ് 2025’.
ഐസിഎസ്കെയിലെ വൈവിധ്യമാർന്ന 33 അക്കാദമിക് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള 1,200-ൽ അധികം പ്രതിഭാധനരായ
വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘ഗ്യാനോത്സവ് 2025’ എന്നത്തേക്കാളും വലുതും അതിലുപരി പ്രചോദനപരമായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ചരിത്രം, സാമ്പത്തിക ശാസ്ത്രം, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, സംരംഭകത്വം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ട്‌സ്, ഫാഷൻ സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാസ് മീഡിയ തുടങ്ങി നിരവധി ഡിപ്പാർട്ട്മെൻ്റുകളാണ് മേളയിൽ പങ്കെടുക്കുക. നൂതനാശയങ്ങൾ, സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത എന്നിവ പ്രതിഫലിക്കുന്ന വർക്കിംഗ് ആന്റ് സ്റ്റിൽ മോഡലുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ഇന്ററാക്ടീവ് സെഷനുകൾ, തത്സമയ പ്രകടനങ്ങൾ, പസിലുകൾ, ഓൺ-ദി-സ്പോട്ട് പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ 700-ൽ അധികം പ്രദർശനങ്ങളാണ് ഈ മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നത്.

നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ
കുവൈത്തിലെ കെനിയൻ അംബാസഡർ H.E. ഹലീമ എ. മൊഹമദ് മുഖ്യാതിഥിയാകും. ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാങ്കൈസ് ഡു കുവൈറ്റ് COCAC & ഡയറക്ടർ സൊരയയും അസിസ്റ്റന്റ് ഡയറക്ടർ സയിദ് മമ്മാറും ചടങ്ങിൽ പ്രത്യേക അതിഥികളായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെയും സ്കൂൾ ലീഡേഴ്സിന്റെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും സാന്നിധ്യം ചടങ്ങിന്റെ മാറ്റ് കൂട്ടും.
പ്രദർശനത്തിനു പുറമെ, വിവിധ ഡിപ്പാർട്ട്‌മെന്റുകൾ ഒരുക്കുന്ന വാണിജ്യ സ്റ്റാളുകളും മേളയുടെ പ്രധാന ആകർഷണമാണ്. കരകൗശല വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, നൂതന ഉൽപ്പന്നങ്ങൾ എന്നിവയാകും ഈ വാണിജ്യ സ്റ്റാളുകളിൽ ലഭ്യമാക്കുക. ഈ സ്റ്റാളുകളിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നത് വഴി ഐസിഎസ്കെ കാരുണ്യം, സാമൂഹിക സേവനം എന്നീ അടിസ്ഥാന മൂല്യങ്ങൾക്ക് ഒരിക്കൽ കൂടി ഊന്നൽ നൽകുന്നു. ഒരു പ്രദർശന മേള എന്നതിലുപരി പഠനം, ടീം വർക്ക്, ഭാവന എന്നിവയുടെ ആഘോഷമാകുന്ന ‘ഗ്യാനോത്സവ് 2025’ വിദ്യാർത്ഥികൾക്ക് തങ്ങളുടെ നേതൃപാടവം, ആത്മവിശ്വാസം, ആശയവിനിമയ ശേഷി എന്നിവ വികസിപ്പിക്കാനുള്ള അമൂല്യമായ അവസരം കൂടിയാകും.