കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് സംഘടിപ്പിച്ച കലാമേള 2026ൽ ഗ്രൂപ്പ് ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുമായി ഫഹാഹീൽ മേഖല ഓവറോൾ ട്രോഫി സ്വന്തമാക്കി. അവസാന മത്സരം വരെ ഒപ്പത്തിനൊപ്പം മുന്നേറിയ അബ്ബാസിയ മേഖലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫഹാഹീൽ മേഖല ഓവറോൾ ട്രോഫി സ്വന്തമാക്കിയത്. വ്യക്തിഗത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അബ്ബാസിയ മേഖലയിലെ നയന പി.പി ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി.
ജൂലൈ 09, 10 തീയതികളിലായി മംഗഫ് കല സെന്ററിലും അൽ നജാത്ത് സ്‌കൂളിലുമായി നടന്ന കലാമേള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷനായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് കലാമേളയുടെ ജനറൽ കൺവീനർ നോബി ആന്റണി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വച്ച് കല കുവൈറ്റ് മുഖമാസിക ‘കൈത്തിരി’യുടെ ഓൺലൈൻ പതിപ്പിന്റെ പ്രകാശനം ജെ. സജി നിർവ്വഹിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീൺ പി.വി, ട്രഷറർ പി.ബി സുരേഷ്, കലാ വിഭാഗം ആക്ടിങ് സെക്രട്ടറി ഗോപീകൃഷ്ണൻ, ഫഹാഹീൽ മേഖലാ സെക്രട്ടറി ബിജോയ് എന്നിവർ സന്നിഹിതരായിരുന്നു.
ജൂലൈ 9ന് വൈകുന്നേരം 6.30ന് തുടങ്ങിയ മത്സരങ്ങൾ ജൂലൈ 10ന് വൈകുന്നേരം 7 മണിയോടെ അവസാനിച്ചു.
കല കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നായി 300 ഓളം അംഗങ്ങൾ 9 ഇന മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങൾ വീക്ഷിക്കാനും മത്സരാർഥികളെ പ്രത്സാഹിപ്പിക്കുന്നതിനുമായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കലാ പ്രേമികൾ എത്തിച്ചേർന്നു.
പ്രസംഗ മത്സരത്തിൽ അബ്ബാസിയ മേഖലയിലെ ജിതേഷ് രാജനും, കവിത പാരായണ മത്സരത്തിലും മാപ്പിളപ്പാട്ട് മത്സരത്തിലും അബ്ബാസിയ മേഖലയിലെ നയന പി.പിയും, ലളിതഗാന മത്സരത്തിൽ അബുഹലീഫ മേഖലയിലെ ഐശ്വര്യ സുരേഷും, മോണോ ആക്ട് മത്സരത്തിൽ അബ്ബാസിയ മേഖലയിലെ ഡോ. ജീനാ അബ്രഹാമും ഒന്നാംസ്ഥാനം നേടി.
ഗ്രൂപ്പ് മത്സരങ്ങളായ തിരുവാതിര കളിയിൽ അബുഹലീഫ മേഖലയിലെ നിമ്യ ഗോപിനാഥ് & ടീമും, ഒപ്പന യിൽ അബ്ബാസിയ മേഖലയിലെ
രശ്മി & ടീമും, ഗ്രൂപ്പ് മത്സരത്തിൽ ഫഹാഹീൽ മേഖലയിലെ അപർണ കുരിശുങ്കൽ ജയദേവൻ & ടീമും, മൈമിൽ ഫഹാഹീൽ മേഖലയിലെ ഷൈൻ റോബർട്ട് & ടീമും ജേതാക്കളായി.
വിജയികളായവർക്കുള്ള സമ്മാനദാനവും വിധികർത്താക്കൾക്കുള്ള ഉപഹാരവും കല കുവൈറ്റ് ഭാരവാഹികളും കലാമേള സംഘാടക സമിതി ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനും കലാസൗഹൃദം കൂടുതൽ ശക്തിപ്പെടുത്താനും കലാമേള 2026 വേദിയായതായി സംഘാടകർ അറിയിച്ചു.


































