കുവൈത്ത് സിറ്റി : കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് “ഫുട്ബോളും ലഹരിയും” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.
ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന സംവാദ പരിപാടി സ്പോർട്സ് വിംഗ് ചെയർമാൻ സലാം പട്ടാമ്പിയുടെ അധ്യക്ഷതയിൽ കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. “ഫുട്ബോളും ലഹരിയും” എന്ന വിഷയത്തെ ആസ്പദമാക്കി സ്പോർട്സ് വിംഗ് കൺവീനർ മൻസൂർ കുന്നത്തേരി വിഷയാവതരണം നടത്തി.
കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് തെക്കെക്കാട്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് അബ്ദുൽ റസാഖ്, തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ അമീർ കമ്മാടം സംവാദത്തിൽ പങ്കാളികളായി.
യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക്, പ്രത്യേകിച്ച് ഫുട്ബോളിലേക്ക് കൂടുതൽ ആകർഷിക്കേണ്ടതാണെന്നും, കേരള സർക്കാർ നിലവിൽ നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയവും മാതൃകാപരവുമായ ഒരു സംരംഭമാണെന്ന് ചർച്ചയിൽ പൊതുവെ അഭിപ്രായം ഉയർന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തിലൂടെ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സംവാദം വിലയിരുത്തി.
ലഹരിയുടെ അപകടകരമായ ലോകത്തിൽ നിന്ന് യുവതയെ അകറ്റി, കായിക സംസ്കാരത്തിലേക്ക് കൈപിടിച്ചുയർത്താൻ സംഘടനകളും, കുടുംബവും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക കായിക ക്ലബ്ബുകളും കൈകോർക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സംവാദം അഭിപ്രായപ്പെട്ടു.

































