കുവൈറ്റ് സിറ്റി : അപകടത്തെത്തുടർന്ന് സ്വീകരിച്ച പ്രതികരണ ശ്രമങ്ങളും സാങ്കേതിക നടപടികളും അവലോകനം ചെയ്യുന്നതിനായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, അണ്ടർസെക്രട്ടറി ഡോ. ആദേൽ മുഹമ്മദ് അൽ സമിൽ എന്നിവർ ശനിയാഴ്ച കുവൈറ്റിലെ വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റുകളിൽ ഒന്നിൽ അപകടസ്ഥലം സന്ദർശിച്ചു.
മന്ത്രാലയത്തിന്റെ അടിയന്തര പ്രതികരണ സംഘങ്ങൾ, ജനറൽ ഫയർ ഫോഴ്‌സ്, സുരക്ഷാ അധികൃതർ എന്നിവരുടെ ഏകോപനത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിക്കും അണ്ടർസെക്രട്ടറിക്കും ഉദ്യോഗസ്ഥർ വിശദീകരണം നൽകി. ആറുമണിക്കൂർ നീണ്ട അഗ്നിശമന പ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി അണച്ചതായി അധികൃതർ അറിയിച്ചു.
പ്ലാന്റിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി സാങ്കേതിക വിദഗ്ധർ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കേടുപാടുകൾ പരിഹരിക്കുന്നതിനും പ്ലാന്റ് പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അടിയന്തര രക്ഷാപ്രവർത്തകർ, അഗ്നിശമന സേനാംഗങ്ങൾ,എൻജിനീയറിങ്-സാങ്കേതിക ജീവനക്കാർ എന്നിവരുടെ വേഗത്തിലുള്ള ഇടപെടലിനെയും പ്രൊഫഷണൽ സേവനത്തെയും മന്ത്രി അൽ-മുഖൈസീം അഭിനന്ദിച്ചു.
സുരക്ഷ, വിശ്വാസ്യത, പ്രവർത്തനക്ഷമത എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കേടായ വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.































