കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ പ്ലാന്റിന് നേരെ ഇറാന്‍റെ തുടർച്ചയായ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെത്തുടർന്ന് ഉണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടയിൽ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. തുടർന്ന് അടിയന്തരമായി ഒഴിപ്പിക്കൽ നടപടികളും രക്ഷാപ്രവർത്തനവും നടത്തി. രാജ്യത്ത് രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ആദ്യത്തെ പ്ലാന്റിൽ തീ പടർന്നതോടെ ജീവനക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തി പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് പ്ലാന്‍റിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും കൂടുതൽ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.































