കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 33ഉം 27ഉം വയസ്സുള്ള രണ്ട് പേരെയാണ് തിരക്കേറിയ നഗരത്തിലെ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു ഇരുവരും. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച് മൈദാൻ ഹവല്ലിയിൽ രണ്ട് പേർ ചലനമറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തി.
ഇരുവരെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെ സംഘം പരിശോധിച്ചു. പെർഫ്യൂം അടിസ്ഥാനമാക്കിയുള്ള ആൽക്കഹോൾ കുടിച്ചതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായതെന്ന് പരിശോധനയിൽ കണ്ടെത്തി. ബോധം തിരിച്ചുകിട്ടിയ ശേഷം ഇരുവരെയും ചോദ്യം ചെയ്തു. പരിചയമില്ലാത്ത ഒരാളിൽ നിന്നുമാണ് മദ്യം ലഭിച്ചതെന്നും ഇരുവരും അധികൃതരോട് വെളിപ്പെടുത്തി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ് ഫയൽ ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.