ഇന്ത്യൻ മാമ്പഴോത്സവം 2026 കുവൈത്തിൽ സമാപിച്ചു; ഇന്ത്യയുടെ മികച്ച മാമ്പഴ ഇനങ്ങൾ പരിചയപ്പെടുത്തി

0
16

കുവൈത്ത് സിറ്റി :ഇന്ത്യയിലെ ലോകപ്രശസ്ത മാമ്പഴങ്ങളുടെ സമ്പന്നമായ വൈവിധ്യവും അസാധാരണ ഗുണനിലവാരവും ആഘോഷിച്ചുകൊണ്ട്, കുവൈറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) യുമായി സഹകരിച്ച് ജൂൺ 1 മുതൽ 11 വരെ ഇന്ത്യൻ മാമ്പഴ ഉത്സവം 2026 വിജയകരമായി സംഘടിപ്പിച്ചു.

ലോകപ്രശസ്തമായ ഇന്ത്യൻ മാമ്പഴങ്ങളുടെ വൈവിധ്യവും ഗുണമേന്മയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
കുവൈത്തിലെ ഉപഭോക്താക്കൾക്കും ഇറക്കുമതിക്കാർക്കും റീട്ടെയിൽ വ്യാപാരികൾക്കും ഭക്ഷണപ്രേമികൾക്കും ഇന്ത്യയിലെ പ്രീമിയം മാമ്പഴ ഇനങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യ-കുവൈത്ത് കാർഷിക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ പ്രമോഷൻ പരിപാടികളും രുചിപരിചയ പരിപാടികളും സംഘടിപ്പിച്ചു.ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമായ ഇന്ത്യയിൽ നൂറുകണക്കിന് ഇനങ്ങളാണ് കൃഷി ചെയ്യപ്പെടുന്നത്. അവയിൽ ആൽഫോൻസോ, ബംഗനപ്പള്ളി, ബദാമി, കേസർ, ദുശ്ശേരി, ലാംഗ്ര, നീലം, ഫാസ്ലി, മല്ലിക, അമ്രപാലി തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങൾ എന്നിവ പ്രത്യേക രുചിക്കും പോഷകഗുണങ്ങൾക്കും പേരുകേട്ടവയാണ്.

ആഘോഷങ്ങളുടെ ഭാഗമായി, ജൂൺ 1 മുതൽ 3 വരെ മൂന്ന് ദിവസത്തെ ഇന്ത്യൻ മാംഗോ ഫിയസ്റ്റ സംഘടിപ്പിക്കുന്നതിനായി, മൈസ് അൽഗാനിം, 360 മാളിലെ ആശാസ്, ഹോട്ടൽ സെന്റ് റെജിസിലെ റെസ്റ്റോറന്റുകൾ, സാൽമിയ, ഹവല്ലി, ഷാർക്ക് എന്നിവിടങ്ങളിലെ മുഗൾ മഹൽ ശാഖകൾ എന്നിവയുൾപ്പെടെ കുവൈറ്റിലെ പ്രമുഖ റെസ്റ്റോറന്റുകളുമായി എംബസി പങ്കാളിത്തം വഹിച്ചു. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രീമിയം ഇന്ത്യൻ മാമ്പഴങ്ങൾക്കൊപ്പം മാമ്പഴ സാലഡ്, മാമ്പഴ സോർബെ, മാമ്പഴ മിൽക്ക്‌ഷേക്ക് തുടങ്ങിയ വിഭവങ്ങളും ആസ്വദിക്കാനായി.

ജൂൺ 11-ന് ദി അവന്യൂസ് മാളിൽ നടന്ന ഗ്രാൻഡ് മാംഗോ ടേസ്റ്റിംഗ് ഡേയോടെയാണ് മേള സമാപിച്ചത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡറായ പരമിത ത്രിപാഠി പരിപാടി ഉദ്ഘാടനം ചെയ്തു. സന്ദർശകർക്ക് ആൽഫോൻസോ, കേസർ, ബംഗനപ്പള്ളി (ബദാമി) തുടങ്ങിയ പ്രശസ്ത ഇന്ത്യൻ മാമ്പഴ ഇനങ്ങൾ രുചിച്ചുനോക്കാൻ അവസരം ലഭിച്ചു. കൂടാതെ മാമ്പഴ ഐസ്ക്രീം, മാമ്പഴ ലസ്സി, മാമ്പഴ മൊഹിറ്റോ തുടങ്ങിയ പ്രത്യേക വിഭവങ്ങളും ഒരുക്കിയിരുന്നു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള കാർഷിക, ഭക്ഷ്യസുരക്ഷാ സഹകരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ മേളയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾക്കുള്ള കുവൈത്തിലെ വർധിച്ചുവരുന്ന ആവശ്യകതയും പരിപാടിയുടെ വിജയത്തിൽ പ്രതിഫലിച്ചുവെന്ന് എംബസി വിലയിരുത്തി. ഇന്ത്യൻ മാമ്പഴങ്ങളുടെ  ഇറക്കുമതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമുള്ള വ്യാപാരികൾക്കും ഇറക്കുമതിക്കാർക്കും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.