നോർക്ക കെയർ പ്ലസ്: രജിസ്ട്രേഷൻ തീയതി നീട്ടണം; നോർക്ക സി.ഇ.ഒയ്ക്ക് കത്തയച്ച് പ്രവാസി വെൽഫെയർ കുവൈത്ത്

0
5

കുവൈത്ത് സിറ്റി: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക സി.ഇ.ഒയ്ക്ക് കത്തയച്ചു.

നോർക്ക സേവനങ്ങളെക്കുറിച്ച് പ്രവാസികൾക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്ട്രേഷൻ നടപടികൾക്ക് സഹായം നൽകുന്നതിനുമായി പ്രവാസി വെൽഫെയർ കുവൈത്ത് നടത്തുന്ന ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നോർക്ക വിംഗ് കൺവീനർ ഖലീലുറഹ്മാൻ പറഞ്ഞു.

സെപ്റ്റംബർ 18നാണ് നിലവിലെ എൻറോൾമെന്റ് കാലാവധി അവസാനിച്ചത്. എന്നാൽ, വിവിധ കാരണങ്ങളാൽ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്കും അവസരം നൽകണമെന്നാണ് ആവശ്യം.

പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് എൻറോൾമെന്റ് കാലാവധി നീട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.

കൂടാതെ, അടുത്ത പുതുക്കൽ സമയത്ത് പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ആവശ്യമായ പ്രീമിയം പ്ലാൻ തിരഞ്ഞെടുക്കുന്നതിനും നിലവിലെ പ്രീമിയം പ്ലാൻ അപ്ഗ്രേഡ് ചെയ്യുന്നതിനും അവസരം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.