മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം നൽകിയ ജനാർദ്ദനൻ അന്തരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി അന്തരിച്ചു. കണ്ണൂർ കുറുവ ചാലാടൻ ഹൗസിൽ ജനാർദ്ദനൻ (68) ആണ് മരിച്ചത്. വീ‌ട്ടിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ചാലാടൻ ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബീഡി തൊഴിലാളിയായ ജനാർദ്ദനൻ തന്റെ ആകെ സമ്പാദ്യമായ രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു. ജനാര്‍ദ്ദനന്റെ സംഭാവനയെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രകീര്‍ത്തിച്ചിരുന്നു. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന്‍ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കിയ കാര്യം ആദ്യം അറിയിച്ചത്.