കുവൈറ്റ്: ഇറാഖിലെ സഖ്യസേനകൾ താത്കാലികമായി കുവൈറ്റിൽ തമ്പടിക്കുമെന്ന വാർത്തകള്‍ നിഷേധിച്ച് കുവൈറ്റ് അധികതർ. സഖ്യസൈന്യത്തിന്റെ ആസ്ഥാനമായി കുവൈറ്റ് മാറില്ല. ഇറാഖിൽ നിന്ന് മടങ്ങുന്നവർക്ക് ഒരു ഇടനാഴി മാത്രമായിരിക്കും കുവൈറ്റ്. സഖ്യസേന ഉള്‍പ്പെടെ ഇറാഖിൽ നിന്ന് മടങ്ങുന്ന വിദേശികള്‍ക്ക് ഒരു ട്രാൻസിറ്റ് സ്റ്റേഷൻ ആയി കുവൈറ്റ് പ്രയോജനപ്പെടുത്താമെന്നാണ് സേന അറിയിച്ചിരിക്കുന്നത്.
യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ഡെന്മാർക്ക്, സ്വീഡൻ, കനഡ, ഇറ്റലി, സ്പെയിൻ, നെതർലാൻഡ്, ബെൽജിയം തുടങ്ങിയിട രാജ്യങ്ങള്‍ ഉൾപ്പെട്ടതാണ് ഇറാഖിലെ സഖ്യസേന. ഇറാഖിലെ തങ്ങളുടെ സേന താത്ക്കാലികമായി കുവൈറ്റില്‍ തമ്പടിക്കുമെന്ന് കനേഡിയൻ സൈനിക മേധാവി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് കുവൈറ്റ് അധികൃതരുടെ വിശദീകരണമെത്തുന്നത്.
ഇറാൻ-യുഎസ് സംഘർഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ അതീവ ജാഗ്രതയിലാണ്. കുവൈറ്റിലെ അമേരിക്കൻ സൈനികത്താവളത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.