സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാൻ ആന്ധ്രയിൽ നടപ്പാക്കിയ ‘ദിശ’യുടെ നിർവഹണചുമത വനിതാ ഉദ്യോഗസ്ഥർക്ക്

ഹൈദരാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം തടയാൻ ആന്ധ്രാസർക്കാർ നടപ്പാക്കിയ ദിശ നിയത്തിന്റെ നിർവഹണ ചുമതല വനിതാ ഉദ്യോഗസ്ഥർക്ക്. നിലവിൽ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറായ ഡോ.കൃതിക IAS, കുർനൂൽ എസ് പി എം.ദീപിക IPS എന്നിവർക്കാണ് ചുമതല. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറായ കൃതികയ്ക്ക് ദിശാ തലപ്പത്ത് അധികച്ചുമതല നൽകിയപ്പോൾ,സ്പെഷ്യൽ ഓഫീസറയാണ് ദീപികയുടെ നിയമനം.

ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ദിശ നിയമത്തിന് ആന്ധ്രാ സർക്കാർ രൂപം നല്‍കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം നടത്തുന്നവർക്കുള്ള ശിക്ഷ എത്രയും വേഗം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ബലാത്സംഗക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വധശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. 14 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി 21 ദിവസത്തിനുള്ളിൽ വിധി പ്രഖ്യാപിക്കണം.

ആന്ധ്രാപ്രദേശ് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള പുതിയ ഉത്തരവിൽ സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെങ്കില്‍ ദ്രുതഗതിയില്‍ വിചാരണയും വിധിയും പൂര്‍ത്തിയാക്കണമെന്നാണ് പറയുന്നത്. ബലാത്സംഗം, ആസിഡ് ആക്രമണം, സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനം 13 ജില്ലകളിലും പ്രത്യേക കോടതികള്‍ രൂപീകരിക്കുമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.