നൊന്തുപ്രസവിച്ച കുഞ്ഞിനെ എറിഞ്ഞു കൊന്നതെങ്ങനെയെന്ന് വിവരിച്ച് ശരണ്യ: രോഷത്തോടെ നാട്ടുകാർ

കണ്ണൂർ: നൊന്തു പ്രസവിച്ച കുഞ്ഞിനെ ആർത്തലയ്ക്കുന്ന കടലിലെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞതെങ്ങനെയെന്ന് വിവരിക്കുമ്പോൾ ശരണ്യയുടെ മുഖത്ത് തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല. കയ്യിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യത്തില്‍ നില്‍ക്കുന്ന നാട്ടുകാരുടെ നടുവിലേക്ക് ഇന്ന് രാവിലെയാണ് ശരണ്യയെ പൊലീസ് കനത്ത സുരക്ഷയില്‍ തെളിവെടുപ്പിനായെത്തിച്ചത്.

സ്വന്തം കുഞ്ഞിനെ തെല്ലും മനസാക്ഷിക്കുത്തില്ലാതെ വലിച്ചെറിഞ്ഞ കണ്ണൂരിലെ തയ്യിൽ കടപ്പുറത്ത് വീണ്ടും അവർ ആ കാര്യങ്ങൾ വിവരിച്ചു. പുലർച്ചെ ഭർത്താവിനരികിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനായ മകനെ പാലു കൊടുക്കാനെന്ന വ്യാജെനയാണ് ശരണ്യ അവിടെ നിന്നെടുത്തത്. ഭര്‍ത്താവ് ഉറങ്ങിയെന്ന് ഉറപ്പാക്കി മൊബൈൽ വെളിച്ചത്തിൽ കുഞ്ഞുമായി കടൽത്തീരത്തെത്തി. ഉറക്കത്തിലായിരുന്നു കുഞ്ഞിനെ കടൽഭിത്തിയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയിൽ അതീവ വേദനയിൽ കുഞ്ഞു നിലവിളിച്ചപ്പോൾ ചെന്നെടുത്ത് വായ അമർത്തി മൂടി. വീണ്ടും കരിങ്കൽക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

തുടക്കം മുതൽ തന്നെ ഭർത്താവായ പ്രണവിനെ പ്രതിസ്ഥാനത്ത് നിർത്തിയ ശരണ്യ ഒടുവിൽ പൊലീസ് ശാസ്ത്രീയമായി തെളിവുകൾ നിരത്തിയതോടെ കുറ്റം സമ്മതിച്ചു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.