തിരുവനന്തപുരം:ദേശീയപാത നിർമാണത്തിൽ വൻതോതിലുള്ള അഴിമതി ആരോപിച്ച് കോൺഗ്രസ്. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റോഡ് നിർമാണ പ്രവർത്തനത്തിനായി 1,838.1 കോടി രൂപയുടെ കരാർ ആദ്യം അദാനി എന്റർപ്രൈസസിന് നൽകിയെങ്കിലും അദാനി കമ്പനി റോഡ് നിർമ്മിക്കാതെ, 971 കോടി രൂപയ്ക്ക് ഈ കരാർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകി. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമ്മാണ ചെലവ്. എന്നാൽ വാഗഡ് ഇൻഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിന് 23.7 കോടി രൂപ മാത്രമാണ് ചിലവാകുന്നതെന്നും, ഇത് സർക്കാർ ടെൻഡർ വിലയുടെ പകുതിയിൽ താഴെയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാമോയെന്ന ചോദ്യവുമായി കോൺഗ്രസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ശക്തമായ ആരോപണം ഉന്നയിച്ചു.





























