ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫലം https://neet.nta.nic.in/എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാം. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടിയിട്ടുണ്ട്.
രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്കാണ് രണ്ടാം റാങ്ക്. മഹാരാഷ്ട്ര സ്വദേശിയാണ് മൂന്നാം സ്ഥാനം നേടിയത്. ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109-ാം റാങ്ക് നേടി. കോഴിക്കോട് സ്വദേശിയാണ് ദീപ്നിയ ഡിബി.
22.7 ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്കായി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മേയ് നാലിനാണ് പരീക്ഷ നടന്നത്. നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷന്‍, കൗണ്‍സിലിംഗ് ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.