കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം മൂലം തിരിച്ചെത്താൻ കഴിയാതിരിക്കുകയും താമസ വിസ കാലാവധി കഴിയുകയും ചെയ്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. 33414 പ്രവാസികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.
വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ഇവർ രാജ്യത്തിനു പുറത്ത് കഴിയുന്ന വിദേശികളാണെന്ന് മാനവശേഷി സമിതി പൊതു സമ്പർക്ക വിഭാഗം ഡയരക്റ്റർ അസീൽ അൽ മുസ്യാദ് അറിയിച്ചു.
ഇത് വരെയായി 91854 തൊഴിൽ അനുമതി രേഖകളാണു റദ്ധ് ചെയ്തത്. വിവിധ സ്ഥാപനങ്ങളുടെ 30,700 ഫയലുകളും 44,264 ലൈസൻസുകളും ഇത് വരെ റദ്ധ് ചെയ്തു. മാനവശേഷി സമിതിയുടെ ഓടോമേറ്റിഡ് സംവിധാനത്തിൽ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതാണു റദ്ധാക്കൽ നടപടിക്ക് കാരണമായത്. സമിതിയുടെ ഓടോ മേറ്റിഡ് സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയതായും, എല്ലാവരും സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ ചേർക്കണമെന്നും ഇത് വഴി വേഗതയിലും എളുപ്പത്തിലും ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അവർ അറിയിച്ചു.