കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐഡി കാർഡുകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. പ്രവാസികളുടെ സിവിൽ ഐ.ഡി കാർഡുകൾ റദ്ധാക്കി പകരം റെസിഡൻസി കാർഡുകൾ ഏർപ്പെടുത്തും. ഇതിൻറെ ഭാഗമായി തയ്യാറാക്കിയ സമഗ്രപദ്ധതി പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
ഏറെ നാളത്തെ പഠനത്തിനു ശേഷമാണു ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പ്രവാസികൾക്ക് മാഗ്നറ്റിക് ചിപ് അടങ്ങിയ റെസിഡൻസി കാർഡുകൾ ലഭ്യമാക്കും. വ്യക്തിവിവരങ്ങൾ എല്ലാം അടങ്ങിയിരിക്കുന്ന റെസിഡൻസി കാർഡ് സിവിൽ ഐ.ഡി കാർഡിന് സമാനമാണ്, സർക്കാരുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും മറ്റു ആവശ്യങ്ങളും ഇത് ഉപയോഗിച്ച്നി റവേറ്റാവുന്നതാണു.
ലോകത്തെ മിക്ക രാജ്യങ്ങളും വിദേശികൾക്ക് തിരിച്ചറിയൽ രേഖയായി റെസിഡൻസി കാർഡുകളാണു അനുവദിക്കുന്നത്. സിവിൽ ഐ.ഡി. കാർഡുകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് വഴി സിവിൽ ഐ.ഡി.കാര്യാലയങ്ങളിലെ തിരക്കുകൾ കുറക്കുവാൻ സാധിക്കുമെന്നും കണക്ക് കൂട്ടുന്നു.