കുവൈത്തിൽ നായ്ക്കളെ വളർത്താൻ കർശന നിയന്ത്രണങ്ങൾ; നിയമലംഘകർക്ക് ഒരു മാസം വരെ തടവും പിഴയും

0
14

കുവൈത്ത് സിറ്റി : കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 30 ദിനാറിലധികം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൃഗങ്ങളുടെ സംരക്ഷണത്തിനും താമസമേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുന്നതിനുമാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം. ഓരോ നായയുടെയും കഴുത്തിൽ തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ മെറ്റൽ ടാഗോടുകൂടിയ കോളർ ഉണ്ടായിരിക്കണം.

അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ നായ്ക്കളെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും വേണം. വർഷം തോറും ബൂസ്റ്റർ വാക്സിനേഷനും നിർബന്ധമാണ്. പൊതുറോഡുകളിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നായ്ക്കളുമായി പുറത്തിറങ്ങുമ്പോൾ നിയന്ത്രണച്ചങ്ങലയും വായ മൂടാനുള്ള ഉപകരണങ്ങളും ഉപയോഗിക്കണം.