നികുതിയുടെ പേരിൽ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ദുബായ് നികുതി വകുപ്പ്

ദുബായ്: മൂല്യവർധിത നികുതിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് മുന്നറിയിപ്പുമായി ദുബായ് ഫെഡറൽ ടാക്സ് അതോറിറ്റി (FTA). ചില ധനവിനിമയ സ്ഥാപനങ്ങളുടെയും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ തന്നെ പേരിലും വ്യാജ എസ്എംഎസ്-ഇ-മെയിൽ സന്ദേശങ്ങൾ പലർക്കും ലഭിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിച്ച്. മൂല്യവർദ്ധിത നികുതിയുടെ വിശദാംശങ്ങൾക്കൊപ്പം ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ടാണ് സന്ദേശങ്ങളെത്തുന്നത്.

എന്നാൽ ഇതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് FTP അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി മറ്റ് ധനവിനിമയ സ്ഥാപനങ്ങളെയോ സാമ്പത്തിക രംഗത്തുള്ള വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ നേരിട്ട് മാത്രമെ ഇടപാടുകള്‍ നടത്താവു എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

അതോറിറ്റിയുടെ തന്നെ സാങ്കേതിക സുരക്ഷ ഉറപ്പാക്കിയ www.tax.gov.ae എന്ന വെബ്സൈറ്റിലൂടെ ത് ഐബിഎൻ നമ്പർ അടിസ്ഥാനമാക്കി മാത്രമെ നികുതി ഇടപാടുകൾ നടത്താവു. 24 മണിക്കൂറും സേവനം ലഭിക്കുന്ന വെബ്സൈറ്റിൽ FTAയിൽ റജിസ്റ്റർ ചെയ്തവർ സമർപ്പിക്കുന്ന നികുതി റിപ്പോർട്ടുകൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ മറുപടി നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.