കുവൈറ്റ് സിറ്റി : കുവൈത്തിലെ വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) ഫഹാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ഷാജി ജി. തുരുത്തിയിൽ രചിച്ച പത്ത് ചെറുകഥകളുടെ സമാഹാരം ‘ഉപ്പും ചപ്പയും’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഷാജി ജി. തുരുത്തിയിൽ പുസ്തകത്തിന്റെ പ്രതി വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനുവിന് നൽകി പ്രകാശനം നിർവഹിച്ചു.
ഷാജി.ജി.തുരുത്തിയിലിന്റെ ജീവിത അനുഭവങ്ങളിൽ നിന്നും,കണ്ടതും കേട്ടതുമായ സംഭവങ്ങളെ കോർത്തിണക്കി പുസ്തക രൂപത്തിൽ തയ്യാറാക്കിയത്.
പണ്ടുകാലത്ത് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന കിളിത്തട്ടുകളിയിലെ നിയമങ്ങളുമായി സമകാലിക ജീവിത സാഹചര്യങ്ങളെ കോർത്തിണക്കിയാണ് “ഉപ്പും ചപ്പയും” എന്ന കഥ തുടങ്ങുന്നത്.
സമൂഹത്തിലെ നിറവിവേചനത്തെ പ്രമേയമാക്കുന്ന ‘വെള്ളക്കുരുപ്പുകൾ’, പഴയകാല കാവുകളും കുളങ്ങളും സംരക്ഷിച്ചിരുന്ന കാലത്തെ നാട്ടുമിത്തിനെ അടിസ്ഥാനമാക്കിയ ‘പെരിയൻ വെല്യച്ഛൻ’, കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട ദുരിതങ്ങൾ അവതരിപ്പിക്കുന്ന ‘സൂഷ്മാണുപർവ്വം’, ഓയിൽ ഫീൽഡിലെ തൊഴിലാളികൾ നേരിടുന്ന വിഷമങ്ങളും ഹൈഡ്രജൻ സൾഫൈഡ് വാതകത്തിന്റെ അപകടവും പ്രമേയമാക്കുന്ന ‘ഹൈഡ്രജൻ സൾഫൈഡ്’ എന്നിവയും സമാഹാരത്തിലുണ്ട്.
രാഷ്ട്രീയത്തിന് പിന്നാലെ പോയിട്ടും ജീവിതത്തിൽ മുന്നേറാനാകാതെ പോകുന്നവരെക്കുറിച്ചുള്ള ‘പുല്ലുവിളമുക്കിലെ കമ്യൂണിസ്റ്റുകാർ’, സമൂഹം തെറ്റിദ്ധരിച്ച ഒരാൾ സ്വന്തം ജീവിതത്തിലൂടെ താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന ‘ഡിറ്റക്ടീവ് പുരുഷോത്തമൻ’, ഗദ്ദാമ വിസയിലെത്തി പ്രവാസജീവിതത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ കഥ പറയുന്ന ‘വാസ്ത’, മനുഷ്യരുടെ ഇപ്പോഴത്തെ വ്യതിചലനങ്ങളെ അവതരിപ്പിക്കുന്ന ‘മണം’, ക്ഷേത്രത്തിൽ ദേവിയെ ഒരുക്കുന്നവർക്കിടയിലെ തർക്കങ്ങളെ ആസ്പദമാക്കിയ ‘ഉച്ചബലി’ എന്നിവയാണ് മറ്റ് കഥകൾ.
കെമിസ്ട്രിയിലും കെമിക്കൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ ഷാജി ജി. തുരുത്തിയിൽ ഇന്ത്യയിലും സിംഗപ്പൂരിലും പെട്രോകെമിക്കൽ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കുവൈത്ത് നാഷണൽ ലൂബ് ഓയിൽ മാനുഫാക്ചറിംഗ് കമ്പനിയിൽ ജീവനക്കാരനാണ്.

































