കൊറോണ ഭീതി: രോഗലക്ഷണമുള്ളവരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ചൈന

ന്യൂഡൽഹി: കൊറൊണ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ള ഇന്ത്യക്കാരെ നാട്ടിലേക്കയക്കില്ലെന്ന് ചൈന. അസുഖലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ചൈനയിൽ തന്നെ ചികിത്സിക്കാനാണ് ചൈനീസ് അധികൃതരുടെ തീരുമാനം. കൊറോണ വൈറസ് ഭീതി ഉയർത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗത്തിൻ‌റെ ഉത്ഭവ സ്ഥാനമായ ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആദ്യ വിമാനം പുറപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് രോഗലക്ഷണമുള്ളവരെ ഇന്ത്യയിലേക്കയക്കില്ലെന്ന് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

വുഹാനിലെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെ മുന്നൂറോളം വിദ്യാര്‍ഥികള്‍ നാളെ ഇന്ത്യയിലേക്കെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചൈനയുടെ ഈ തീരുമാനത്തോടെ അവരുടെ വരവ് സംബന്ധിച്ച് അവ്യക്തത ഉയരുകയാണ്. ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതർ പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും ആരെയൊക്കെ മടക്കി അയക്കുക എന്ന് തീരുമാനിക്കുക.

അതേസമയം മടങ്ങി എത്തുന്നവരെ ഉടൻ തന്നെ വീടുകളിക്കെത്തിക്കില്ല. കുറച്ച് ദിവസത്തെ നിരീക്ഷണങ്ങൾക്ക് ശേഷം മാത്രമെ അവർക്ക് വീടുകളിലേക്ക് മടങ്ങാനാകു. മടങ്ങിയെത്തുന്നവരെ പാർപ്പിക്കാനായി കരസേനയുടെ നേതൃത്വത്തിൽ ഹരിയാനയ്ക്ക് സമീപം മാനേസറില്‍ താല്‍ക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. 14 ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ അതിസൂക്ഷ്മ നിരീക്ഷണത്തിലാവും ഇവര്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഡല്‍ഹിയിലെ ബേസ് ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.