യുഎഇയിൽ മലയാളി യുവാവിന്റെ മരണം ആത്മഹത്യ: സ്ഥിരീകരിച്ച് പൊലീസ്

ദുബായ്: യുഎഇയിൽ മലയാളിയായ യുവ എഞ്ചിനിയർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കെട്ടിടത്തിന്റെ കാവൽക്കാരന്റെ കണ്ണുവെട്ടിച്ച് മുകളിലെത്തിയ ഇയാൾ താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 17നായിരുന്നു ദുബായ് സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ 24-ാം നിലയില്‍ നിന്ന് വീണ് മലപ്പുറം സ്വദേശി സബീല്‍ റഹ്മാൻ മരിച്ചത്.25കാരനായ സബീൽ അറിയാതെ കാൽ വഴുതി വീണ് അപകടം ഉണ്ടായതാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

ഒരുവര്‍ഷം മുമ്പാണ് തിരൂർ സ്വദേശിയായ സബീൽ ജോലിക്കായി ദുബായിലെത്തിയത്. സംഭവ ദിവസം രാവിലെ താമസിക്കാൻ ഫ്ലാറ്റ് നോക്കാനെന്ന് പറഞ്ഞാണ് കെട്ടിടത്തിന്റെ കാവൽക്കാരനിൽ നിന്ന് താക്കോൽ വാങ്ങി സബീൽ 24-ാം നിലയിലെത്തിയത്. പിന്നീട് വാച്ച്മാന്റെ കണ്ണുവെട്ടിച്ച് ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.