സുജി മീത്തലിന്റെ ചിന്തകൾ

Productive ആവുക എന്നാൽ മാത്രമേ മനുഷ്യനു മൂല്യമുള്ളൂവെന്ന capitalist ചിന്തയാണ്‌ വയ്യാതിരിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതിരിക്കുമ്പോൾ വിഷമിക്കുന്നതും കുറ്റബോധം തോന്നുന്നതെന്നും എന്നെ ഒന്നിനും കൊള്ളില്ലെന്ന ചിന്തയിൽ തലതാഴ്ത്തിയിരിക്കാനും തളരാനും കാരണമാകുന്നതെന്ന് വാഫിമോൾ എപ്പോഴും പറയും. ഞാൻ പ്രൊഡക്റ്റീവെന്നു കരുതുന്ന വായനകൾ സമ്മാനിക്കുന്ന പുസ്തങ്ങളിൽ നിന്നും സാഹിത്യങ്ങളിൽ നിന്നും കലയിൽ നിന്നും മാത്രേ അറിവും അനുഭവവും നേടാനൊക്കൂ എന്ന ചിന്തകളാണ്‌ എന്നെ കുഴക്കുന്നത്‌. ജീവിക്കുക എന്നതുതന്നെ വലിയ ജ്ഞാനമാണ്‌ വലിയ പുസ്തകവും. അതു മനസ്സിലായി തുടങ്ങിയാൽ നാം എന്നും സംതൃപ്തിയുള്ള ആത്മാവാണ്‌. ചുറ്റുപാടും ചുമ്മാ നിരീക്ഷിക്കുക അതേ കുറിച്ച്‌ ചിന്തിക്കുക എന്നതുതന്നെ വലിയ വിജ്ഞാനകോശത്തിന്റെ വായനയുടെ ഫലം ചെയ്യുന്നുണ്ട്‌. അനുഭവങ്ങളോളം പഠിപ്പിക്കാൻ ഒക്കുന്ന പാഠങ്ങളില്ല. എനിക്ക്‌ ആ നേരങ്ങളിൽ പ്രൊഡ്ക്റ്റീവാവാൻ ഒക്കുന്നില്ലെന്ന തോന്നലാണ്‌ ഡിപ്രഷൻ മൂഡിലിരിക്കുമ്പോൾ ഏറ്റവും തളർത്തുന്നത്‌ ആ അവസ്ഥയിലാവുന്നതും അതുകൊണ്ടാണ്‌. പ്രൊഡക്റ്റീവ്‌ ആവാതിരിക്കുമ്പോഴും ഒന്നും ചെയ്യാൻ കഴിയാതിരിക്കുമ്പോഴും അവരവരാവതിരിക്കുന്നില്ല നമ്മിലെ നന്മയോ നാമോ മാഞ്ഞുപോവുന്നില്ല. നമ്മൾ നമ്മളാവാതാവുന്നില്ല. നമ്മൾ ഒന്നിനും കൊള്ളാതെയുമാവുന്നില്ല. നാം എപ്പോഴും നാമാണ്‌. എപ്പോഴും എന്തിനും പ്രാപ്തിയുള്ളവർ. ശരീരത്തിന്‌ റെസ്റ്റ്‌ പോലെ മനസ്സിലും ചില നേരങ്ങളും കപ്ലീറ്റ്‌ റെസ്റ്റ്‌ വേണ്ടിവരും അത്‌ അനിവാര്യതയുമാവുന്നുണ്ട്‌ പലർക്കും. പ്രൊഡ്ക്റ്റീവ്‌ ആവുക മാത്രമല്ല മൂല്യം എനിക്കാണ്‌ മൂല്യം ഞാനാണ്‌ ആദരിക്കപ്പെടേണ്ട ആത്മാവ്‌. ഞാനെന്നെ എത്ര ആദരിക്കുന്നുവോ അതാണെന്റെ മൂല്യവും സ്വസ്ഥയും സമാധാനവും മറ്റുള്ളവ കൽപ്പിച്ചു തരുന്നവയൊന്നും എന്റെ മൂല്യനിർണ്ണയത്തിന്റെ അളവുകോലല്ല. അങ്ങനെ ഒരു ബോധ്യത്തിലെത്തുമ്പോൾ മനുഷ്യർ അവനവനേയും അവനു ചുറ്റുമുള്ളവരേയും ആദരിക്കാനാവും ഏതവസ്ഥയിൽ ബഹുമാനിക്കുവാനുമുള്ള മാനസ്സിക ഉന്നതിയിലേക്ക്‌ നമ്മെ ഉയർത്തും പ്രൊഡക്റ്റീവ് ആവാനൊക്കാത്തവരുക്കൊള്ളാത്തവരെന്ന് മിഥ്യാധാരണ മാറികിട്ടും.
വെറുപ്പിനാൽ മനുഷ്യരെ അന്യരാക്കി മാറ്റി നിർത്തുന്ന നിത്യം വിഷം ചീറ്റുന്ന ഒരു കൂട്ടരുണ്ട്‌ നമുക്ക്‌ ചുറ്റും. യാതൊരു മാനുഷിക ഗുണവും കാണാത്തവർ. ഇത്തരത്തിൽ വംശീയ വർഗ്ഗീയ വിഷം തുപ്പുന്നവരെമാത്രം സൂക്ഷിച്ചാൽ മതി അവരോട്‌ മാത്രമേ അനാദരവ്‌ കാട്ടേണ്ടതുണ്ടുള്ളു അവരിൽ മനുഷ്യത്ത്വമല്ല പൈശാചികമെന്നോക്കെ നാം വിളിക്കുന്ന ഭീകരഭാവം മാത്രമുള്ള അവരെ ഭയക്കണം കഴിയാവുന്നത്ര അകറ്റണം മനുഷ്യരെ പരസ്പരം ആദരിക്കാത്ത ഒന്നും ആരും അംഗീകരിക്കപെടേണ്ടവരല്ല. സമൂഹം മാറ്റിനിർത്തേണ്ട വിഷക്കൂട്ടാണ്. അത്തരക്കാരെ അകറ്റിനിർത്തുകയേ സമൂഹിക രാഷ്ട്രീയ മാനുഷിക നന്മയ്ക്ക്‌ ഗുണം ചെയ്യുള്ളൂ ഉറപ്പ്‌. അത്തരക്കാരൊഴികെ എല്ലാ മനുഷ്യരും ശാരീരിക മാനസ്സികമായ അസുഖം കാരണം നോർമ്മൽ അല്ലെന്നു നമുക്ക്‌ തോന്നുന്നവരാവട്ടെ ബുദ്ധിമുട്ടുന്നവരാകട്ടെ ഒന്നും ചെയ്യാൻ പറ്റാത്തവരാവട്ടെ എല്ലാവരും ഒരുപോലെ ആദരിക്കപ്പെടേണ്ടവരാണ്‌. സാമ്പത്തിക സാമൂഹിക വേർത്തിരിവിനാൽ വർഗ്ഗീകരണം നടത്താതെ എല്ലാവരിലും കുടികൊള്ളുന്നത്‌ ഒരേ ചൈതന്യമാണെന്നും പരസ്പരം മനുഷ്യരെ നമ്മുടെ അതേ സ്ഥാനത്ത്‌ കണ്ട്‌ ആദരിക്കേണ്ടത്‌ നമ്മെ പോലെ കരുതി പരിഗണിക്കേണ്ടത്‌ സ്നേഹിക്കേണ്ടത്‌ ഒരോരുത്തരുടേയും നിർബന്ധ ബാധ്യതയാണ്‌. നമുക്കൊപ്പം എന്തെങ്കിലും ചെയ്യാനൊക്കുന്നവർ മാത്രം ആദരിവിന്‌ അർഹനാകുന്നുള്ളൂ എന്നത്‌ പ്രൊഡക്റ്റീവ്‌ ആവുക എന്തെങ്കിലൊക്കെ ആയിത്തീരുക എന്നതൊക്കെയേ മനുഷ്യമൂല്യത്തിന്റെ ഹേതുവാണെന്ന ഇസങ്ങളുടെ സൃഷ്ടിയാണെന്നും അത്‌ അപ്പാടെ തള്ളികളഞ്ഞ്‌ ഏത്‌ മനുഷ്യനും ഏതവസ്ഥയിലുള്ള മനുഷ്യനും അങ്ങേയറ്റം ആദരിക്കപ്പേടേണ്ടവനും ബഹുമാനിക്കപ്പെടേണ്ടവനുമാണെന്ന് നാമെപ്പോഴും മനസ്സിലാക്കുക കരുതിയിരിക്കുക അത്തരത്തിൽ പെരുമാറുക. സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ സാംസ്കാരിക കലാ മേഖലയിലോ കഴിവു തെളിയിച്ചവരെയൊക്കെ മാത്രമല്ല കേവലം മനുഷ്യരെയാണ് നാം ആദരിക്കേണ്ടത്‌ ബഹുമാനിക്കേണ്ടത്‌ സ്നേഹിക്കേണ്ടത്‌. ആ ചിന്ത മനസ്സിൽ പതിഞ്ഞവർ വെറുപ്പിന്റെ രാഷ്ട്രീയത്തെ അക്രമത്തെ മാത്രമേ അനാദരിക്കുള്ളു വെറുക്കുള്ളു അകറ്റുള്ളു. അതേ പാടുള്ളു ചെയ്യാവൂ. മുഷിഞ്ഞ അല്ലെങ്കിൽ ഇല്ലായ്മയിടെ വസ്ത്രമണിഞ്ഞവനെയല്ല പട്ടിണിപാവങ്ങളെയല്ല താമസിക്കാൻ വീടില്ലാത്തനനെയല്ല വിദ്യാഭ്യാസത്തിന്‌ ഗതിയില്ലാഞ്ഞ്‌ പഠിക്കാനൊക്കാത്തവനെയല്ല ഏറ്റവും കുറഞ്ഞ ശമ്പളത്തിൽ അവനവനെ പോറ്റുന്ന അന്നന്നത്തെ അന്നം കണ്ടെത്തി അഭിമാനത്തോടെ ജീവിക്കുന്നവനെയല്ല നാം ബഹുമാനിക്കാണ്ടിരിക്കേണ്ടത്‌. മറ്റുവള്ളവരുടെ പണം ഊറ്റി വീർക്കുന്ന ഇത്തികണ്ണിയളായ രാഷ്ട്രീയ വർഗ്ഗീയ വിഷം തുപ്പുന്ന നേതാക്കളെയാണ്‌. വെറുപ്പ്‌ പരത്തുന്ന മനുഷ്യരുടെ സാമ്പത്തിക സ്ഥിതിനോക്കി വർഗ്ഗീകരണം നടത്തുന്ന കൊട്ടാരവാസികളെയാണ്‌. അവരെയൂട്ടുന്ന കോർപ്പറേറ്റ് ഭീമന്മാരെയാണ്‌ ഇവരൊക്കെയാണ്‌ നാം സൂക്ഷിക്കേണ്ടത്‌. അകറ്റേണ്ടത്‌ ആദവ് കാട്ടേണ്ട ബാധ്യതയില്ലാത്തവരായിട്ടുള്ളവർ.
സംഭാഷണമധ്യേ പിന്നീട്‌ ഖുർആനിലെ ഈ വചനത്തെക്കുറിച്ചവൾ വാഫിമോൾ എന്നോട്‌ പറഞ്ഞു. അവളെ ഏറെ ആകർഷിച്ച വചനമാണെന്നും ഏത്‌ വർഗ്ഗ വർണ്ണ ജാതി മത ലിംഗ വ്യത്യാസമില്ലാതെ ആദരണീയനായി ദൈവാത്മാവിൽ നിന്നും ഊതി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു എന്നത്‌ ദൈവത്തോളം ആദരവിന്‌ എല്ലാ മനുഷ്യരും അർഹരായെന്നു തന്നല്ലെ അർത്ഥം മനുഷ്യർ ഏതവസ്ഥയിലായാലും മറ്റുള്ളവരെ തന്നെക്കാൾ താണവരെന്ന് കാണാത്തവരും എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ആദരിക്കുകയും ആരേയും ഉപദ്രവിക്കാത്തിടത്തോളം ഏത്‌ ചിന്തയിലും രൂപത്തിലും ഭാവത്തിലും ജീവിക്കുന്ന എല്ലാ മനുഷ്യരും ആദരീയരാണ്‌ ആദരിക്കപ്പെടേണ്ടവരാണ്‌. അല്ലാതെ അവരുടെ പ്രൊടക്റ്റിവിറ്റിയോ മതമോ ജാതിയോ കുലമോ ചിന്തകളോ അവർ തിരഞ്ഞെടുക്കുന്ന അവർക്കു ശരിയെന്നു തോന്നുന്ന ജീവിതരീതികളോ അല്ല അവരെ ആദരവിന്‌ അർഹനാക്കുന്നതെന്ന് ഉറച്ച വിശ്വാസമാണ്‌ നമ്മെ മനുഷ്യരായി ജീവിതത്തിൽ നയിക്കേണ്ടത്‌.
“തീര്ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില് കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില് നിന്ന് നാം അവര്ക്ക് ഉപജീവനം നല്കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില് മിക്കവരെക്കാളും അവര്ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്കുകയും ചെയ്തിരിക്കുന്നു.’ (ഇസ്രാഅ് 70). ഖുർആൻ
വര്ഗ- വര്ണ- മത -ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്ക്കൊള്ളുന്ന മനുഷ്യന് എന്ന അര്ഥത്തിലാണ് ഈ ആദരണീയത.അങ്ങനെ നാമും നമുക്ക്‌ ചുറ്റുമുള്ളവരും ഏതവസ്ഥയിലും ആദരണീയരും മൂല്യം കലപ്പിക്കേണ്ടവരുമാണ്‌. അപർകർഷതാബോധം ഒരിക്കലും ഏതവസ്ഥയിലും മനുഷ്യരെ തളർത്തുവാൻ പാടുള്ളതല്ല. എന്താണോ നാം അതാണെന്റെ മൂല്യം ആദരവ്‌ ബഹുമാന്യത കഴിവ്‌ അതിൽ കൂടുതലോ കുറവോ ആരേയും അനാദരനാക്കുന്നില്ലതന്നെ. ആരും ആരേക്കാളും കുറഞ്ഞവരോ കൂടിയവരോ അല്ല ആത്മാഭിമാനമാണ്‌ എവിടേയും എങ്ങും അടിച്ചമർത്തപ്പെട്ടവരുടെ ആദ്യത്തെ അതിനെതിരെ പൊരുതാനുള്ള ആയുധമാകേണ്ടതെന്ന് ഉറപ്പിക്കുക. പരസ്പര ബഹുമാനം ആദരവ്‌ മനുഷ്യാവകാശമാണ്‌ അത്‌ നിഷേധിക്കുന്നേടത്ത്‌ അതുനേടുന്നതിന്നുള്ള സമരത്തെയാണ്‌ നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നത്‌. ആർക്കുമുന്നിലും ഏത്‌ പ്രത്യേയ ശസ്ത്രത്തിനും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും ജാതിക്കും ഒന്നിനും മുന്നിലും തലകുനിക്കാതെ ഉയർന്നു നിൽക്കാൻ തന്റെ അവകാശം ആരും വെച്ചുനീട്ടുന്ന ഔദാര്യമല്ല മനുഷ്യനെന്ന നിലയിൽ തനിക്ക്‌ അർഹതപ്പെട്ട അവകാശം ബഹുമാനം ആദരവ്‌ ചോദിച്ചു വാങ്ങാൻ മനുഷ്യർക്കാവട്ടെയെന്ന് ആഗ്രഹിച്ചുകൊണ്ട്‌ അതിനു കഴിവും ആർജ്ജവവും അടിച്ചമർത്തപ്പെടുന്ന ഓരോരുത്തർക്കും ഉണ്ടാവട്ടേയെന്ന് ആശംസിച്ചുകൊണ്ട്‌…
സുജി മീത്തൽ
A