വിമതരെ ട്വിറ്ററില്‍ പിന്തുടര്‍ന്നു; സൗദി വനിതയ്ക്ക് 34 വര്‍ഷം തടവ്

സൗദി അറേബ്യ: വിമതരെ ട്വിറ്ററില്‍ പിന്തുടരുകയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തതിനും സൗദി വനിതയ്ക്ക് 34 വര്‍ഷം തടവ്. യുകെയിലെ ലീഡ്സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സല്‍മ അല്‍ ഷെഹാബിനെയാണ് ശിക്ഷിച്ചത്. സൽമയെ പ്രത്യേക തീവ്രവാദ കോടതി ആദ്യം മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തിങ്കളാഴ്ചയാണ് 34 വര്‍ഷമായി ശിക്ഷ പരിഷ്കരിച്ചത്. 34 വര്‍ഷത്തെ യാത്രാ വിലക്കുമുണ്ട്. “സമൂഹത്തിനിടയില്‍ അശാന്തി പരത്തുന്നതിനും, ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിനും” സൽമ ഇന്റർനെറ്റ് വെബ്‌സൈറ്റ് ഉപയോഗിച്ചതായി കോടതി പറഞ്ഞു.വിധിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു. ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ, ദി ഫ്രീഡം ഇനിഷ്യേറ്റീവ്, യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ്, എഎല്‍ക്യുഎസ്ടി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്നിവയുൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ വിധിയെ അപലപിക്കുകയും സല്‍മയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.