അനധികൃത ഗാർഹിക തൊഴിലാളി നിയമന ഓഫീസിൽ റെയ്ഡ് ; നേപ്പാൾ സ്വദേശികളായ നടത്തിപ്പുകാർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസിൽ സുരക്ഷഉദ്യോഗസ്ഥരുടെ പരിശോധന. നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളികളെ
സപ്ലൈ ചെയ്ത 7 നേപ്പാൾ സ്വദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികളെയാണ് ഇവർ ലൈസൻസുള്ള മറ്റ് ലേബർ ഓഫീസുകൾ വഴി നിയമവിരുദ്ധമായി പുനർ നിയമിച്ചിരുന്നത്. ഗാർഹിക തൊഴിലാളികൾക്ക് നേരത്തേ ലഭിച്ചിരുന്നതിൽ നിന്നും ഇരട്ടി വേതനം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസിൽ നടത്തിപ്പുകാരായ നേപ്പാളികൾക്കൊപ്പം ഏതാനും ഗാർഹിക തൊഴിലാളികളും, ലൈസൻസുള്ള കർഷകത്തൊഴിലാളി നിയമന ഓഫീസ് പ്രവർത്തികളും അറസ്റ്റിലായവരിൽ ഉണ്ട്. പിടിയിലായവരുടെ മൊഴി രേഖപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.