“തോറ്റവൻ്റെ പുസ്തകം” കവർ ചിത്രം പ്രകാശനം ചെയ്തു

0
122

കുവൈറ്റ്‌ സിറ്റി : ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അബ്ദുൾ ലത്തീഫ് നീലേശ്വരം തൻ്റെ പ്രവാസ ജീവിതത്തിൻ്റെ അനുഭവങ്ങൾ, പരിചയപ്പെട്ട വ്യക്തികൾ തുടങ്ങി എല്ലാം ഉൾപ്പെടുത്തി “തോറ്റവൻ്റെ പുസ്തകം” എന്ന തലക്കെട്ടിൽ എഴുതിയ പുസ്തകത്തിൻ്റെ കവർ ചിത്രം കുവൈത്തിലെ മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കല കുവൈത്ത് ജനറൽ സെക്രട്ടറിയും, കൈരളി ടി വി കുവൈത്ത് പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ ഹിക്ക്മത്ത് ടി വി പ്രകാശനം ചെയ്തു. അബ്ദുൾ ലത്തീഫ് കുവൈത്തിൽ ജോലിക്കിടയിൽ തന്നെ കല കുവൈത്ത്, കേരള മുസ്ലിം അസോസിയേഷൻ, പ്രതിഭ കുവൈത്ത് തുടങ്ങിയ സംഘടനകളിൽ കഥാ രചനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കുവൈത്ത് ടൈംസിൻ്റെ മലയാളം പതിപ്പ്, സമകാലിക വാരികകൾ, കൈത്തിരി മാസിക എന്നിവയിലൊക്കെ കഥകൾ എഴുതാറുണ്ടായിരുന്നു. നളിനാക്ഷൻ ഒളവറയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇർഫാദ്, സുധീർ മടിക്കൈ, യൂസഫ് ഓർച്ച എന്നിവർ ആശംസ അറിയിച്ചു. മുരളി വാഴക്കോടൻ സ്വാഗതവും കബീർ മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. ഈ മാസം അവസാനത്തോടെ പുസ്തകം വായനക്കാരിലെത്തുന്നതാണ്.