കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് ‘സാഹൽ’ ആപ്പിലൂടെ വിദ്യാർത്ഥികളുടെ മെഡിക്കൽ ലീവ് രേഖകൾ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ നടപടികൾ ലളിതമാക്കുന്നതിനുള്ള പ്രധാന നീക്കമാണിത്.
സർക്കാർ ആശുപത്രികളും ഹെൽത്ത് സെന്ററുകളും നൽകുന്ന മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകൾ ഇനി ഇലക്ട്രോണിക് രീതിയിൽ നേരിട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് അയയ്ക്കും. ഇതിലൂടെ പേപ്പർ നടപടികൾ ഒഴിവാക്കി പ്രക്രിയ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് അൽ-അവാദി വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ രക്ഷിതാക്കൾക്ക് സ്കൂളുകളും ആശുപത്രികളും പലതവണ സന്ദർശിക്കേണ്ടതില്ല. വിദ്യാർത്ഥിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയാൽ ലീവ് വിവരങ്ങൾ സ്വയം സ്കൂളിലേക്ക് എത്തും.
ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്ന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും, സേവനങ്ങളുടെ കാര്യക്ഷമതയും ഗുണമേന്മയും മെച്ചപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.































