ഐസിഎസ്‌കെ സമ്മർ ക്യാമ്പ് ജൂൺ 10 മുതൽ

0
8

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വാർഷിക സമ്മർ ക്യാമ്പായ “Summer Camp 2026 – Sunshine Splash” ജൂൺ 10 മുതൽ ജൂലൈ 9 വരെ സംഘടിപ്പിക്കും. സാൽമിയയിലെ ഐസിഎസ്‌കെ സീനിയർ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പ് ഇന്ത്യൻ വിദ്യാർഥികൾക്കായി തുറന്നിരിക്കുന്നതായി അധികൃതർ അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലായി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് നടക്കുക. പഠനത്തിനൊപ്പം വിനോദം, സർഗാത്മകത, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.

എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ‘Budding Buds’ വിഭാഗത്തിൽ ക്രിയാത്മക കലാപരിപാടികൾ, ലൈഫ് സ്കിൽസ്, നൃത്തം, സംഗീതം, ക്ലേ മോഡലിങ്, കഥപറച്ചിൽ, യോഗ, ശാരീരിക പരിശീലനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള ‘Bloomers’ വിഭാഗത്തിൽ പബ്ലിക് സ്പീക്കിങ്, സുംബ, സ്മാർട്ട് ലേണിങ്, ക്വിസ്, കാലിഗ്രാഫി, ഫുട്ബോൾ പരിശീലനം, പരമ്പരാഗത കളികൾ, സംഗീതം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, യോഗ എന്നിവ നടക്കും. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായുള്ള ‘Blossoms’ വിഭാഗത്തിൽ പബ്ലിക് സ്പീക്കിങ്, റോഡ് സുരക്ഷ, സുംബ, റൂബിക്സ് ക്യൂബ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, സംഗീതം, ഫുട്ബോൾ-ബാസ്‌ക്കറ്റ്ബോൾ പരിശീലനം, ചെസ്, സ്ക്രാബിൾ, യോഗ, ക്രിയേറ്റീവ് റൈറ്റിങ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിന്റെ അടിസ്ഥാന ഫീസ് 40 കുവൈത്തി ദിനാറാണ്. ഐച്ഛികമായി നീന്തൽ പരിശീലനത്തിന് 30 ദിനാറും പിക്നിക്കിന് 12 ദിനാറും ഈടാക്കും. വിദ്യാർഥികൾക്കായി ഗതാഗത സൗകര്യവും നാമമാത്ര നിരക്കിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഐസിഎസ്‌കെ വെബ്സൈറ്റ് അല്ലെങ്കിൽ ഐസിഎസ്‌കെ ക്ലൗഡ് ആപ്പ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയാക്കി ഇഷ്ടമുള്ള ക്യാമ്പ് സെഷൻ തിരഞ്ഞെടുത്ത ശേഷം ഓൺലൈൻ പേയ്‌മെന്റിലൂടെ പ്രവേശനം ഉറപ്പാക്കാം. കുട്ടികളിൽ ജിജ്ഞാസയും ആത്മവിശ്വാസവും വളർത്തുകയും ക്ലാസ് മുറിക്ക് പുറത്തുള്ള പഠനാനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നതാണ് സമർ ക്യാമ്പിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.